കൊല്ലപ്പെട്ട ഷാരോണ്‍
കൊല്ലപ്പെട്ട ഷാരോണ്‍

ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ വീടിന് സമീപത്ത് നിന്നും വിഷക്കുപ്പി കണ്ടെത്തി

പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുന്നു
Updated on
1 min read

തിരുവനന്തപുരം പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ നിര്‍ണായ തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ രാമവര്‍മന്‍ചിറയില്‍ നിന്നുമാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് വിഷക്കുപ്പി കാണിച്ചുകൊടുത്തത്. കഷായത്തിന്റെ കുപ്പി കണ്ടെത്താന്‍ ഗ്രീഷ്മയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം പ്രതി ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ചതാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. അതിനിടെ, ഗ്രീഷ്മയുടെ അച്ഛനെയും ബന്ധുവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വിട്ടയച്ചത്.

ഇന്നലെ പോലീസ് സ്റ്റേഷനില്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മയ്ക്കെതിരെ നെടുമങ്ങാട് പോലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഗ്രീഷ്മയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതില്‍ പോലീസ് തീരുമാനമെടുക്കും.

കൊലപാതകത്തിന് സാഹചര്യമുണ്ടാക്കിയത് ഗ്രീഷ്മയുടെ അമ്മയും അച്ഛനും ചേർന്ന് ആണെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചു. അമ്മയ്‌ക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും വിഷം തയ്യാറാക്കിയത് അമ്മയാണെന്നും ഷാരോണിന്റെ അച്ഛൻ പ്രതികരിച്ചു. ഗ്രീഷ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നും തുടക്കം മുതൽ തന്നെ കുടുംബം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആരോപണങ്ങൾ ലോക്കൽ പോലീസ് നിഷേധിച്ചു.

കൊല്ലപ്പെട്ട ഷാരോണ്‍
ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മ അറസ്റ്റില്‍, മജിസ്‌ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി

ഞായറാഴ്ചയാണ് കേസില്‍ ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലുള്ള ആർക്കും കൊലപാതകത്തെ കുറിച്ച് അറിയില്ലെന്നും താൻ ഒറ്റയ്ക്ക് നടത്തിയ കുറ്റകൃത്യമാണെന്നുമുള്ള നിലപാടാണ് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സ്വീകരിച്ചിരുന്നത്. കൂടാതെ, തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നെന്നും അവ തിരികെ നൽകാൻ ഷാരോൺ തയാറായില്ലെന്നും ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ നൽകുമോയെന്ന് പേടിച്ചാണ് ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മ പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in