ഗ്രീഷ്മ, ഷാരോണ്‍
ഗ്രീഷ്മ, ഷാരോണ്‍

ഷാരോണ്‍ വധം; പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

വിഷം കലര്‍ന്ന കഷായ കുപ്പി മാറ്റി തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം
Updated on
1 min read

സുഹൃത്തായിരുന്ന ഷരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും നല്‍കിയ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി.അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. രണ്ടും മൂന്നും പ്രതികളായ കന്യാകുമാരി സ്വദേശിനി സിന്ധു (52) നിര്‍മല കുമാരന്‍ നായര്‍ (62) എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വിഷം കലര്‍ന്ന കഷായ കുപ്പി മാറ്റി തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടില്‍ വിളിച്ചു വരുത്തി വിഷം കലര്‍ന്ന കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബര്‍ 14ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തെളിവ് നശിപ്പിച്ചതിന് നവംബര്‍ ഒന്നിനാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്നായിരുന്നു ഇരുവരുടേയും വാദം. ജാമ്യം ലഭിക്കാതിരിക്കാന്‍ അനാവശ്യമായി കൊലപാതകക്കുറ്റവും ചുമത്തിയിരിക്കുകയാണെന്നും പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇരുവരുടേയും ആവശ്യം.

logo
The Fourth
www.thefourthnews.in