'പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയ കാലം'; അയവിറക്കി സിപിഐ, മുന്നണി മാറ്റം വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു
'' കോണ്‍ഗ്രസിനൊപ്പം നിന്നപ്പോഴാണ് പാര്‍ട്ടിക്ക് ഗുണമുണ്ടായത്, സിപിഎമ്മിനൊപ്പം നിന്നപ്പോള്‍ നഷ്ടം മാത്രമാണുണ്ടായിട്ടുള്ളത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് സാധിക്കുന്നില്ല'', സിപിഐ ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്ന ചില വിമര്‍ശനങ്ങളിലൊന്ന് ഇങ്ങനെയാണ്. ഇടുക്കിയിലും തൃശൂരിലും കൊല്ലത്തും ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളുടെയെല്ലാം കുന്തമുന നീളുന്നത് ഒറ്റപേരിലേക്കാണ്, സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സിപിഐ നേതൃയോഗങ്ങളില്‍ ഉയരുന്നത്. മുന്നണി മാറ്റം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്കുവരെ സിപിഐ നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്. രണ്ടു സീറ്റെങ്കിലും പ്രതീക്ഷിച്ചിടത്ത് അപ്രതീക്ഷിത തോല്‍വിയേറ്റതിന്റെ വൈകാരിക പ്രകടനങ്ങളായി ഈ പ്രതികരണങ്ങളെ തള്ളിക്കളയാമെങ്കിലും സിപിഐയില്‍ ഉയരുന്ന ചില വിമര്‍ശനങ്ങള്‍ നേതൃത്വത്തിനും മുന്നണിക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ സിപിഐയില്‍ സിപിഎം നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുണ്ട്. ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനങ്ങളാണ് സിപിഐ നിരന്തരം ഉന്നയിച്ചുവന്നിരുന്നതെങ്കിലും, ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍, സിപിഎമ്മുമായി നല്ല ബന്ധം സൂക്ഷിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് മുന്നില്‍ ഈ വിമര്‍ശനങ്ങള്‍ അപ്രസക്തമായി. എന്നാല്‍, സിപിഐയില്‍ സമവാക്യങ്ങള്‍ മാറുകയും ഗ്രൂപ്പുപോരുകള്‍ ശക്മാതമാവുകയും ചെയ്തതോടെ, വീണ്ടും സിപിഎം വിമര്‍ശനങ്ങള്‍ തലപൊക്കി തുടങ്ങി.
സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പല വിമര്‍ശനങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് മുന്‍പ് മാറിയിട്ടുണ്ട്. എന്നാല്‍, സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതെല്ലാം പരിഹരിച്ചിട്ടുമുണ്ട്. സിപിഐ തങ്ങള്‍ക്കൊപ്പം വരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പലതവണ നിരാശരാവുകയും ചെയ്തിട്ടുണ്ട്. ഇത്തവണയേയും ഈ വിമര്‍ശനങ്ങളെ പാര്‍ട്ടി യോഗങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വിമര്‍ശനങ്ങള്‍ മയപ്പെടുത്തി സിപിഎമ്മിനോട് കൂടുതല്‍ അടുത്തുനിന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടി രംഗത്ത് വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തോന്നല്‍ സിപിഐയിലെ പല ഉന്നത നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍, ഇതിനെ നഖശിതാന്തം എതിര്‍ക്കുന്ന 'ഓള്‍ഡ് സ്‌കൂള്‍' നേതാക്കള്‍ ഇപ്പോഴും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാണ്. വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കാതേയും തിരുത്തേണ്ടിടത്ത് തിരുത്താതേയുമിരുന്നാല്‍, ഇടതുമുന്നണി കൂടുതല്‍ ജനങ്ങളില്‍ നിന്നകലുമെന്ന് ഈ വിഭാഗം ശക്തമായി വാദിക്കുന്നു. എന്നാല്‍, ഇതിനെ ഗൗരവത്തിലെടുക്കാനോ, മുന്നണിയില്‍ ചര്‍ച്ച ചെയ്യാനോ ഈയിടെ സിപിഐ നേതൃത്വം തയാറായിരുന്നില്ല.
സിപിഐയുടെ 'വിയർപ്പ് മറന്നു', മുസ്ലിം ലീഗിനോട് അടുക്കുന്ന സിപിഎം
നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു. സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പല വിമര്‍ശനങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് മുന്‍പ് മാറിയിട്ടുണ്ട്. എന്നാല്‍, സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതെല്ലാം പരിഹരിച്ചിട്ടുമുണ്ട്. സിപിഐ തങ്ങള്‍ക്കൊപ്പം വരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പലതവണ നിരാശരാവുകയും ചെയ്തിട്ടുണ്ട്. ഇത്തവണയേയും ഈ വിമര്‍ശനങ്ങളെ പാര്‍ട്ടി യോഗങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2021 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് മുസ്ലിം ലീഗിനോട് വര്‍ധിച്ച അമിത വാത്സല്യം സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനുള്ള സിപിഎം ശ്രമം തിരിച്ചടിയാകുമെന്ന് സിപിഐയില്‍ മുന്‍കൂട്ടി തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ സിപിഎം തയാറായില്ല. പൗരത്വ ഭേദഗതി അടക്കമുള്ള ദേശീയ വിഷയങ്ങളിലൂന്നി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സിപിഎമ്മിന്റെ തീരുമാനം തിരിച്ചടിയാകുമെന്നും പ്രാദേശിക വിഷയങ്ങളില്‍ എല്‍ഡിഎഫിന് മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്നും സിപിഐയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയും പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങുന്നതും സപ്ലൈക്കോയില്‍ സാധനങ്ങളില്ലാത്തതു വരെയുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ മുന്നണി ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് സിപിഐയില്‍ പലതവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന സിപിഎം, അദ്ദേഹത്തിന്റെ കാലത്ത് നടന്ന രാജന്‍ കൊലക്കേസ് മറവിയിലേക്ക് വീഴാതെ സൂക്ഷിക്കുകയും കൃത്യമായ ഇടവേളകില്‍ അത് ഓര്‍മ്മിപ്പിക്കുന്നതിനും പിന്നില്‍, സിപിഐയെ ഒതുക്കാനുള്ള നീക്കങ്ങളാണെന്ന് സിപിഐയില്‍ ഇപ്പോഴും വലിയൊരു വിഭാഗം വിശ്വസിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരേയുയര്‍ന്ന ആരോപണങ്ങള്‍ മുന്നണിയുടെ ശോഭകെടുത്തുന്നു എന്ന് തുറന്നുപറയാന്‍ കെല്‍പ്പുള്ളൊരു സംസ്ഥാന നേതൃത്വം ഇല്ലാതെപോയെന്ന വിലാപങ്ങള്‍ സിപിഐ നേതൃയോഗങ്ങളില്‍ പതിവായിരുന്നു. സിപിഐ വകുപ്പുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അമിതമായ ഇടപെടലുണ്ടെന്നും വകുപ്പുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സിപിഐയില്‍ വിമര്‍ശനങ്ങളുയരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐയില്‍ ഉറപ്പായും കടുത്ത വിമര്‍ശനങ്ങള്‍ ഉടലെടുക്കുമെന്ന തിരിച്ചറിവാണ്, രാജ്യസഭ സീറ്റില്‍ തര്‍ക്കങ്ങളില്ലാത്ത ഒത്തുതീര്‍പ്പിന് സിപിഎം തയാറായത്. രാജ്യസഭ സീറ്റ് വെച്ചുനീട്ടിയതുകൊണ്ടുമാത്രം വിമര്‍ശനങ്ങള്‍ ഒടുങ്ങില്ലെന്നാണ് സിപിഐയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സിപിഐ തങ്ങള്‍ക്കൊപ്പം വരുന്നത് കോണ്‍ഗ്രസിന് എന്നും സന്തോഷമാണ്. അതിന്റെ മുന്‍കാല നേതാക്കള്‍ക്ക് കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരാണെന്ന അഭിപ്രായമില്ലായിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ലഭിച്ച മുഖ്യമന്ത്രി സ്ഥാനം അയവിറക്കുന്നവര്‍ പാര്‍ട്ടിയില്‍ ഇന്നും സജീവമാണ്. സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന സിപിഎം, അദ്ദേഹത്തിന്റെ കാലത്ത് നടന്ന രാജന്‍ കൊലക്കേസ് മറവിയിലേക്ക് വീഴാതെ സൂക്ഷിക്കുകയും കൃത്യമായ ഇടവേളകില്‍ അത് ഓര്‍മ്മിപ്പിക്കുന്നതിനും പിന്നില്‍, സിപിഐയെ ഒതുക്കാനുള്ള നീക്കങ്ങളാണെന്ന് സിപിഐയില്‍ ഇപ്പോഴും വലിയൊരു വിഭാഗം വിശ്വസിക്കുന്നു. നേതാക്കള്‍ സിപിഎമ്മിനൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോഴും ഭൂരിഭാഗം സിപിഐ പ്രവര്‍ത്തകരും അനുഭാവികളും കടുത്ത സിപിഎം വിരുദ്ധരോ, വിമര്‍ശകരോ ആണെന്നതും വസ്തുതയാണ്. പ്രാദേശികമായ വിഷയങ്ങള്‍ മുതല്‍ സര്‍ക്കാര്‍ നയങ്ങളോടുള്ള വിയോജിപ്പുവരെ ഈ വിരുദ്ധതയ്ക്ക് പിന്നിലുണ്ട്.
പിണറായി വിജയനോടും സിപിഎമ്മിനോടും എതിര്‍പ്പ് കൃത്യമായി രേഖപ്പെടുത്തുന്നൊരു പാര്‍ട്ടി നേതൃത്വത്തെയാണ് സിപിഐയിലെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ആരാധിക്കുന്നതും കൊണ്ടാടുന്നതും. പാര്‍ട്ടി പിളര്‍ന്നകാലത്ത് ഇഎംഎസും എം എന്‍ ഗോവിന്ദന്‍ നായരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലുകളില്‍ തുടങ്ങി, സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ വെളിയം ഭാര്‍ഗവന്റെ കാലവും പിണറായി വിജയനെ വിജയനെന്നുമാത്രം വിളിച്ചുപോന്നിരുന്ന സി കെ ചന്ദ്രപ്പന്റെ കാലവും സിപിഐക്കാര്‍ക്കിപ്പോഴും ആവേശമാണെന്നറിയാവുന്ന കോണ്‍ഗ്രസ്, അതുകൊണ്ടുതന്നെ വലവീശല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍, ഈ വലയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധാലുക്കളാകുന്ന സിപിഐ നേതൃത്വം, ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിമര്‍ശനങ്ങളെ അഴിച്ചുവിടാതെ പിടിച്ചുനിര്‍ത്തുകയും ചെയ്യും.
അധികാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം വളരുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഉടനൊരു മുന്നണി മാറ്റം സിപിഐയ്ക്ക് അസാധ്യമാണെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍, സിപിഎമ്മില്‍ നിന്ന് ജനങ്ങള്‍ അകലുന്നതോ, ആ പാര്‍ട്ടിയിലെ മൂല്യച്യുതിയോ ഒന്നുമല്ല സിപിഐ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് ബിജെപിയുടെ വളര്‍ച്ചയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച തൃശൂര്‍ സിപിഐയുടെ കോട്ടയാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ള രണ്ട് ജില്ലകളില്‍ ഒന്ന്. കൊല്ലമാണ് സിപിഐക്ക് ശക്തിയുള്ള മറ്റൊരു ജില്ല. തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പോലൊരു ജനകീയ നേതാവ് തോറ്റതിന് പിന്നില്‍ സിപിഎമ്മിന്റെ പങ്ക് സിപിഐ എടുത്തു പറയുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും തൃശൂര്‍ പൂരം നടത്തിപ്പ് അലങ്കോലമാക്കിയ പോലീസ് നടപടിയും സിപിഎമ്മിന് എതിരായ വിമര്‍ശനമായി സിപിഐ ചൂണ്ടിക്കാട്ടുന്നു.
തൃശൂരില്‍ സിപിഐയും സിപിഎമ്മും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പോലും ജയം സിപിഐയ്ക്ക് ഒപ്പമായിരുന്നു എന്നും അതുകൊണ്ട് മുന്നണി മാറുന്നതില്‍ തെറ്റില്ലെന്നും സിപിഐയില്‍ ഒരുവിഭാഗം കരുതുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച സിപിഐയെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവിടെ സിപിഎമ്മും സിപിഐയും ഒരുപോലെ ദുര്‍ബലമാവുകയാണ്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ എത്ര ശ്രമിച്ചിട്ടും സിപിഐയ്ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇതെല്ലാം കൊണ്ടുതന്നെ ഒരു മുന്നണിമാറ്റം സിപിഐ ആഗ്രഹിച്ചാല്‍ തള്ളിക്കളയാനാകില്ല. ഒരു രാജ്യസഭ സീറ്റുകൊണ്ട് മാത്രം ഈ ആവശ്യത്തെ തടയാന്‍ സിപിഎമ്മിന് സാധിക്കുമോ എന്നാണ് കാണേണ്ടത്.