ശശി തരൂര്‍
ശശി തരൂര്‍

'പാർട്ടി പറഞ്ഞാൽ മത്സരിക്കും; ലോക്‌സഭയോ നിയമസഭയോ എന്ന് അപ്പോള്‍ പറയാം'; തരൂരിന്റെ വാക്കുകള്‍ നല്‍കുന്ന സൂചനകള്‍

കണ്ണൂർ ഡിസിസിയിൽ വൻ സ്വീകരണമാണ് ശശി തരൂരിന് ലഭിച്ചത്
Updated on
2 min read

താക്കീതുകള്‍ക്കും, മുന്നറിയിപ്പുകള്‍ക്കും മുഖം നല്‍കാതെ വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ പര്യടനം പൂര്‍ത്തിയാക്കി ശശി തരൂര്‍. സമാന്തര വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇനി കോണ്‍ഗ്രസില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിനെ വെല്ലുവിളിയ്ക്കുന്ന നിലപാടായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട തരൂര്‍ സ്വീകരിച്ചത്. താന്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 'വിഭാഗീയത' വെളിപ്പെടുത്താന്‍ തരൂര്‍ മറു വിഭാഗത്തെ വെല്ലുവിളിയ്ക്കുന്ന നിലയിലേക്കാണ് വിഷയം നീളുന്നത്.

ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് തരൂര്‍

ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ നിന്നും ശശി തരൂരിനെ വിലക്കിയ വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഒരു വിഭാഗം തരൂരിന് പരസ്യമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് കേരള പര്യടനത്തിന് തുടക്കം കുറിച്ച ശശി തരൂരിന് വന്‍ സ്വീകരണമാണ് വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ചത്. കണ്ണൂര്‍ ഡിസിസിയിലും സമാനമായി വന്‍ സ്വീകരണമായിരുന്നു.

എന്നാല്‍, കേരളത്തില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എന്തുകൊണ്ടാണ് ഇത്ര വിവാദമാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂര്‍ ഇന്നും വ്യക്തമാക്കിയത്. ''തന്നെ ക്ഷണിക്കുന്ന പരിപാടികളിലാണ് പങ്കെടുക്കുന്നത്. കെപിസിസി നേതാക്കള്‍ കാണണമെന്ന് പറഞ്ഞാല്‍ കാണും. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാം. നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ട്, പാര്‍ട്ടി ചോദിച്ചാല്‍ അപ്പോള്‍ പറയും, പാര്‍ട്ടി ചോദിച്ചില്ലെങ്കില്‍ അവ ജനങ്ങളിലെത്തിക്കാന്‍ അറിയാം.'' എന്നും തരൂര്‍ വ്യക്തമാക്കുന്നു. അച്ചടക്കത്തിന്റെ പേരുപറഞ്ഞ് തന്നെ നിശബ്ദനാക്കാനാവില്ലെന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി മാറാന്‍ ശ്രമിക്കുമെന്നുമുള്ള ശക്തമായ സൂചനയാണ് തരൂര്‍ നല്‍കുന്നത്.

വിഭാഗീയത പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നുണ്ട്

എഐസിസി പ്രസിഡന്റായി മത്സരിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിനുള്ളില്‍ പരമ്പരാഗത രീതികള്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉയര്‍ന്നു വന്നിരുന്നു. ആ ഒരു ഗ്രൂപ്പ് ശക്തമായി തന്നെ ശശി തരൂരിന് ഒപ്പമുണ്ട്.

ശശി തരൂരിന്റെ നീക്കങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന് വിലയിരുത്തുന്നവരും കുറവല്ല. കണ്ണൂര്‍ ഡിസിസിയില്‍ പ്രതീക്ഷിച്ചതിനുമപ്പുറം സ്വീകരണം ശശി തരൂരിന് ലഭിച്ചതുള്‍പ്പെടെ ഇതിന്റെ സൂചനകളായാണ് വിലയിരുത്തുന്നത്. യുഡിഎഫ് മുന്നണിയില്‍ ശക്തമായ ഭിന്നതകള്‍ ഉടലെടുക്കുമ്പോഴാണ് തരൂര്‍ ഘടക കക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നത്. സുധാകരന്റെ ചില പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ പ്രതിസസന്ധികളില്‍ മുസ്ലിം ലീഗ് വിയോജിപ്പ് പരസ്യമാക്കിയ സമയത്താണ് തരൂര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണുന്നത്. മുന്നണിയില്‍ തരൂരിലൂടെ പുതിയൊരു സമവാക്യം പോലും പ്രതീക്ഷിക്കുന്നവരും കുറവല്ല.

എഐസിസി പ്രസിഡന്റായി മത്സരിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിനുള്ളില്‍ പരമ്പരാഗത രീതികള്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉയര്‍ന്നു വന്നിരുന്നു. ആ ഒരു ഗ്രൂപ്പ് ശക്തമായി തന്നെ ശശി തരൂരിന് ഒപ്പമുണ്ട്.

കഴിഞ്ഞ ദിവസം പാണക്കാട് സന്ദർശനം നടത്തിയിരുന്നു

ശശി തരൂരിന്റെ കടന്ന് വരവ് കേരളത്തിലെ വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവരുടെ കൂട്ടുകെട്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാം. സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗത്തിന് എതിരായ നീക്കത്തിന് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ മൗനാനുവാദവും ലഭിച്ചേയ്ക്കും. തരൂരിനെ പിന്തുണയ്ച്ചും, വിഡി സതീശനെ തള്ളിപ്പറഞ്ഞു എന്‍എസ്എസ് രംഗത്തെത്തിയ സാഹചര്യവും ഇതിനോടൊപ്പം കൂട്ടിവായിക്കാം. ഇവിടെയാണ് ''താന്‍ പങ്കെടുക്കുന്ന പരിപാടി വിവാദമാകുന്നത് എന്തുകൊണ്ടാണ് എന്ന'' തരൂരിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കാത്തത്.

യുഡിഎഫിന് നിര്‍ണായകമായ കത്തോലിക്കാ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ തരൂര്‍

ശശി തരൂരിന്റെ കേരള പര്യടനത്തിന് പിന്നില്‍ ശക്തമായ രാഷ്ട്രീയമുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പുമായുള്ള സന്ദർശനം. യുഡിഎഫിന് നിര്‍ണായകമായ വലിയ കത്തോലിക്കാ സമൂഹമാണ് ഈ ആര്‍ച്ച് ബിഷപ്പിന്റെ പരിധിയിലുള്ളത്. പിന്നാലെ പാണക്കാട് മുസ്ലീം ലീഗിന്റെയും മുസ്ലീം സമുദായത്തിന്റെയും പിന്തുണയുറപ്പിയ്ക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. ഇതിനൊപ്പം എന്‍എസ്എസുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതും മുന്നോട്ടുള്ള പ്രയാണത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നതാണ്.

തരൂരിനെ പുകഴ്ത്തിയുള്ള സുകുമാരന്‍ നായരുടെ പ്രതികരണം, മന്നം ജയന്തി ആഘോഷത്തിലേയ്ക്കുള്ള ക്ഷണം. ഇതിന് തരൂര്‍ നല്‍കിയ മറുപടി, സൂചനകള്‍ വ്യക്തമാണ്.

''മന്നം ജയന്തി പരിപാടിയിലേക്കു ക്ഷണിച്ചത് അഭിമാനകരമാണ്. എന്‍എസ്എസുമായി നല്ലബന്ധം ആര്‍ക്കാണ് ഗുണം ചെയ്യുക?. ജി സുകുമാരൻ നായർ ഞാൻ ബഹുമാനിക്കുന്ന സമുദായ നേതാവാണ്’’ എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.

ഇതിനൊപ്പം വിമാനത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട കഥ കൂടിയാവുമ്പോള്‍ അകല്‍ച്ചയും അടുപ്പവും വ്യക്തം. ''വിമാനത്തില്‍ വച്ച് പ്രതിപക്ഷ നേതാവിനെ കണ്ടെങ്കിലും സംസാരിക്കാനായില്ല. സീറ്റുകള്‍ അടുത്തായിരുന്നില്ല. വിഡി സതീശനെ കണ്ടപ്പോള്‍ 'ഹലോ' എന്നു പറഞ്ഞു'' -എന്നായിരുന്നു പ്രതികരണം.

ഇതിനിടെ, കോട്ടയത്ത് തരൂരിന് അനുകൂലമായി നിലമൊരുങ്ങുന്നു എന്ന സൂചനയും ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്ത ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിമാത്രമാണ് മുതിര്‍ന്ന നേതാക്കളില്‍ തരൂരുമായി കൂടിക്കാഴ്ചയ്ക്ക് മുതിര്‍ന്നത്. ഇതിനൊപ്പമാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്വീകരണം.

ശശി തരൂരിന് പൂര്‍ണ പിന്തുണയുമായി കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. തരൂരിന് കേരള രാഷ്ട്രീയത്തില്‍ ഇടമുണ്ട്. അദ്ദേഹം നടത്തുന്നത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in