കെ സുധാകരന്‍
കെ സുധാകരന്‍

കോണ്‍ഗ്രസ് ആഭ്യന്തര ജനാധിപത്യം ഉറപ്പുനല്‍കുന്ന പ്രസ്ഥാനം; പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെ സുധാകരന്‍

പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും കെ സുധാകരന്‍
Updated on
1 min read

ശശി തരൂരിനെ മുന്‍നിര്‍ത്തി സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പരസ്യ പ്രതികരണത്തിന് വിലക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കര്‍ശന നിര്‍ദേശം. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ശശി തരൂരിന് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്ന് കെ സുധാകരന്‍

ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖത്തിലാണെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നീങ്ങുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം ഡിസിസികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയേ മറികടന്ന് ഒരു വിഭാഗം തരൂരിനൊപ്പം നീങ്ങിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. പാര്‍ട്ടിയേ മറികടന്ന ഒറു വിഭാഗം ശശി തരൂരിനെ കോഴിക്കോട് സെമിനാറില്‍ പങ്കെടുപ്പിച്ചതോടെ കെപിസിസി പ്രതിസന്ധിയിലായിരുന്നു. പാര്‍ട്ടിക്കകത്ത് തന്നെ ശശി തരൂര്‍ പക്ഷം ഉടലെടുക്കുന്നു എന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ കര്‍ശന നിര്‍ദേശം. ശശിതരൂരിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നായിരുന്നു കെ മുരളീധരന്‍ എംപി പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in