' മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കൂ '; മാധ്യമ പ്രവര്‍ത്തകരെ അതൃപ്തിയറിയിച്ച് തരൂർ

' മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കൂ '; മാധ്യമ പ്രവര്‍ത്തകരെ അതൃപ്തിയറിയിച്ച് തരൂർ

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി
Updated on
1 min read

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമയനിഷ്ഠയില്ലെന്നും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും ശശി തരൂര്‍ എംപി. ഓള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായ ദുരനുഭവം പരാമര്‍ശിച്ചാണ് തരൂരിന്റെ വിമര്‍ശനം. പരിപാടി പറഞ്ഞ സമയത്ത് ആരംഭിക്കാത്തതാണ് തരൂരിനെ ചൊടിപ്പിച്ചത്.

പത്ത് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടിക്ക് താൻ 9.55ന് തന്നെ എത്തി. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങ് തുടങ്ങാന്‍ പത്ത് മിനിറ്റ് വൈകുമെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ താന്‍ 10.40 വരെ കാത്തിരുന്നിട്ടും പരിപാടി ആരംഭിച്ചില്ല, തരൂര്‍ ട്വീറ്റ് ചെയ്തു.

''കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ എപ്പോഴും പിന്തുണയ്ക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകളും ചെയ്യുന്ന വ്യക്തിയാണ് ഞാൻ, എനിക്കെതിരെ വാര്‍ത്തകൾ ചെയ്യുമ്പോൾ പോലും അതിൽ മാറ്റമില്ല''. പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ കൃത്യനിഷ്ഠത പാലിക്കുകയും മറ്റുള്ളവരുടെ സമയത്തിന് വിലകല്പിക്കുകയും വേണം, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഘാടകരുടെ പ്രവൃത്തിയില്‍ എതിര്‍പ്പ് അറിയിച്ച തരൂര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in