ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ല, കാണണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കണ്ടു: ശശിതരൂര്‍

ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ല, കാണണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കണ്ടു: ശശിതരൂര്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല, കേരളം കര്‍മഭൂമിയാണെന്നും തരൂര്‍
Updated on
1 min read

കേരളത്തില്‍ മുഖ്യമന്ത്രി ആകാന്‍ തയ്യാറാണെന്ന പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടിയുമായി ശശി തരൂര്‍ എംപി. ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ല. കാണണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തി ഇല്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും പറയുമ്പോള്‍ താത്പര്യമില്ലെന്ന് എങ്ങനെ പറയുമെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂര്‍ മറുപടി പറഞ്ഞിരുന്നു. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു തരൂര്‍ പ്രതികരിച്ചത്. 'ഇനി പ്രയോറിറ്റി കേരളം തന്നെയാണ്, വേറെ എവിടെയുമല്ല. കേരളത്തിനകത്ത് സജീവമായി പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടാല്‍ ഞാനെങ്ങനെ എനിക്കത് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയും, താത്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയില്‍, നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചില രീതികളുണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചത്.

ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ല, കാണണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കണ്ടു: ശശിതരൂര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍; കേരളത്തില്‍ സജീവമാകും

അതേസമയം, ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ തരൂര്‍ പര്യടനം തുടരുകയാണ്. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് തരൂര്‍ സാമുദായിക നേതാക്കളെ കാണുന്നത് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള നീക്കമാണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തരൂരിനെ വാഴ്ത്തി എന്‍എസ്എസ് അടക്കം രംഗത്തെത്തിയപ്പോള്‍ കടുത്ത അമര്‍ഷമുണ്ടങ്കിലും കേരള നേതാക്കള്‍ വിമര്‍ശനം ഉള്ളിലൊതുക്കുകയായിരുന്നു. അതിനിടെയാണ് തരൂരിന്റെ നീക്കങ്ങളെ വിമര്‍ശിച്ച് ദേശീയ നേതൃത്വം തന്നെ രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in