ഹമാസ് ഭീകരരെന്ന പരാമർശം തിരിച്ചടിച്ചു; തിരുവനന്തപുരത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന് തരൂർ പുറത്ത്
കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ സംബന്ധിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്തെ സമാന റാലിയില്‍ നിന്നും ശശി തരൂരിനെ നീക്കി. വരുന്ന തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ഒഴിവാക്കിയത്. പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു ശശി തരൂർ എംപി. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് എംപവര്‍മെന്‍റ് മിഷന്‍.
കോഴിക്കോട് നടന്ന പലസ്തീനെ ഐക്യദാർഢ്യ റാലിയിൽ ശശി തരൂരിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവർ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ശശി തരൂരിനെ ഒഴിവാക്കാൻ സംഘാടകരായ മഹല്ല് എംപവര്‍മെന്‍റ് മിഷൻ തീരുമാനിച്ചത്. കമ്മിറ്റി യോഗം ചേർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ഹമാസ് ഭീകരവാദികളുടെ ആക്രണമത്തിനെതിരായ ഇസ്രയേലിന്റെ പ്രതികാരം അതിര് കടന്നുവെന്നായിരുന്നു ശശി തരൂര്‍ കോഴിക്കോട് പറഞ്ഞത്. മുസ്ലിം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എം.പിയും എം.കെ. മുനീർ എം.എൽ എയും പിന്നാലെ തെറ്റ് തിരുത്തിയിരുന്നു. എന്നാൽ പരാമർശത്തെ ക്കുറിച്ച് ചർച്ചകൾ വന്നതോടെ ശശി തരൂർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കോഴിക്കോട്ടെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താന്‍ പലസ്തീന് ഒപ്പമാണെന്നും തന്റെ പ്രസംഗത്തിൽനിന്ന് ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ പലസ്തീന് ഒപ്പമാണെന്നും ഒരു വരിയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നവര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്നത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ശശി തരൂരിന് പിന്തുണ അറിയിച്ചിരുന്നു.
സിപിഎമ്മിനോടപ്പം സമസ്ത പോഷക സംഘടനാ ഭാരവാഹികളും ശശി തരൂരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഹമാസ് ഭീകര സംഘടനയാണെന്ന് പറഞ്ഞതിൽ തെറ്റില്ലെന്ന് വിഷയത്തിൽ സുരേഷ് ഗോപിയും പ്രതികരിച്ചു. ഹമാസ് മുസ്ലിം വംശത്തിന്റെ ശത്രു ആണെന്ന് താൻ നേരത്തെ പറഞ്ഞത് മാത്രമേ തരൂരും ഉദ്ദേശിച്ചിട്ടുള്ളു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.