'മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല'; കേന്ദ്ര സേന വരുന്നതിനോട് യോജിപ്പില്ലെന്ന് തരൂര്‍

'മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല'; കേന്ദ്ര സേന വരുന്നതിനോട് യോജിപ്പില്ലെന്ന് തരൂര്‍

മത്സ്യത്തൊഴിലാളികള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരാണെന്ന് തരൂര്‍
Updated on
1 min read

വിഴിഞ്ഞത്ത് കേന്ദ്ര സേന വരണമെന്നതിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദുഃഖമുണ്ടാക്കുന്നതെന്നും തരൂര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ചെങ്കിലും , മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തരൂര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല. അവര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരാണെന്നും തരൂര്‍ നിലപാടെടുത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇതു വരെ പദ്ധതിയ്ക്കായി കോടികള്‍ ചെലവഴിച്ചു. അതുകൊണ്ടുതന്നെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ന്യായമല്ല. മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കണം. മികച്ച പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും ഉറപ്പാക്കണം. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും തരൂർ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം തരൂരിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നവരാണ് ലത്തീന്‍ സഭ.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ അനുകൂല നിലപാടുള്ള തരൂരിന് മണ്ഡലത്തിലെ ലത്തീന്‍ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നതായി വിലയിരുത്തലുകളുണ്ട്. ലത്തീന്‍ സഭയുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് തരൂര്‍ നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. കേന്ദ്രസേന വേണ്ടെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണെന്ന് കരുതണം.വിഴിഞ്ഞത്ത് വലിയ സംഘര്‍ഷമുണ്ടായിട്ടും തരൂര്‍ ഒപ്പം നില്‍ക്കാത്തത് ലത്തീന്‍ സഭയില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.

logo
The Fourth
www.thefourthnews.in