ഒന്നേകാൽ നൂറ്റാണ്ടിന് ശേഷം കോൺഗ്രസിന്  മലയാളി അധ്യക്ഷനുണ്ടാകുമോ? ചേറ്റൂരിന് പിൻഗാമിയാകുമോ തരൂർ

ഒന്നേകാൽ നൂറ്റാണ്ടിന് ശേഷം കോൺഗ്രസിന് മലയാളി അധ്യക്ഷനുണ്ടാകുമോ? ചേറ്റൂരിന് പിൻഗാമിയാകുമോ തരൂർ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മൽസര ചിത്രം തെളിയുന്നതോടെ നൂറ്റാണ്ടിനിപ്പുറം മറ്റൊരു മലയാളി പാർട്ടിയുടെ തലപ്പത്ത് എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്
Updated on
2 min read

കോൺഗ്രസിന് ഒന്നേകാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി അധ്യക്ഷനുണ്ടാകുമോ? ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപികരിച്ച് രണ്ട് പതിറ്റാണ്ടാകുമ്പോഴാണ് കോൺഗ്രസിന് മലയാളി അധ്യക്ഷനായത്. ചേറ്റൂർ ശങ്കരൻ നായർ. ശശി തരൂർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാൻ തീരുമാനിച്ചതോടെ മറ്റൊരു മലയാളി കൂടി ഇന്ത്യയിലെ ഗ്രാൻ്റ് ഓൾഡ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്ന ചർച്ചയും ആരംഭിച്ചു കഴിഞ്ഞു

അഭിഭാഷകനായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായും ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിട്ട ശങ്കരന്‍ നായരെ പോലെ ശശി തരൂരിന്റെയും വേരുകള്‍ പാലക്കാടെണെന്നത് യാദൃശ്ചികം. മങ്കരയാണ് ശങ്കരന്‍ നായരുടെ ജന്മസ്ഥലം. തരൂരാകട്ടെ പാലക്കാട് ആലത്തൂർ താലൂക്കിലും. ചേറ്റൂരിനെ പോലെ ആദ്യ ഘട്ടത്തില്‍ മുഴുവന്‍ സമയ പാർട്ടിപ്രവർത്തകനായിരുന്നില്ല തരൂരും. ഉദ്യോഗം വിട്ട് പാർട്ടി പ്രവർത്തനത്തിലേക്ക് ഇറങ്ങിയ നേതാക്കളാണ് ഇരുവരും.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കല്‍ ഡയറിനെതിരെയുള്ള പോരാട്ടാമാണ് ചേറ്റൂരിനെ സ്വാതന്ത്ര്യസമരത്തില്‍ അടയാളപ്പെടുത്തുന്ന പ്രധാന ഏട്

ചേറ്റൂരിനെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത് 1897 ലെ അമരാവതി സമ്മേളനത്തിലാണ് . ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴില്‍ ഉന്നത ഉദ്യോഗസ്ഥനായിരിക്കെയാണ് ചേറ്റൂര്‍ അത് ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലെക്കെത്തുന്നത്.

തുടർന്ന്, മദ്രാസിലെ ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ കൗൺസില്‍ അംഗമായി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ചേർന്ന കോൺഗ്രസ് സമ്മേളനത്തില്‍ ചേറ്റൂരായിരുന്നു അധ്യക്ഷന്‍. ആ സമ്മേളനത്തില്‍ തന്നെ ചേറ്റൂർ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കല്‍ ഡയറിനെതിരെയുള്ള പോരാട്ടാമാണ് ചേറ്റൂരിനെ സ്വാതന്ത്ര്യസമരത്തില്‍ അടയാളപ്പെടുത്തുന്ന പ്രധാന ഏട്. പ്രതിഷേധത്തിന്റെ ഭാഗമായി വൈസ്രോയി കൗൺസിലിൽ നിന്ന് ചേറ്റൂർ രാജിവെച്ചു. എന്നാല്‍, നിയമയുദ്ധത്തില്‍ വിധി എതിരായിരുന്നു. ഡയറിന് മാനഹാനി വരുത്തിയെന്ന കുറ്റത്തിന് 500പൗണ്ട് പിഴയൊടുക്കാന്‍ ശിക്ഷിച്ചു. മാപ്പ് പറഞ്ഞാല്‍ പിഴയൊടുക്കേണ്ട എന്ന ഡയറിന്റെ തീരുമാനത്തിന് അതിന് തന്നെക്കിട്ടില്ലെന്നായിരുന്നു ചേറ്റൂരിന്റെ മറുപടി.

എന്നാൽ ഇത്തരത്തിലുളള പോരാട്ടത്തിലൂടെയല്ല, മറിച്ച് ഔദ്യോഗികമായ പദവിയിലൂടെ തെളിയിച്ച മികവിലൂടെയാണ് തരൂർ രാഷ്ട്രീയത്തിലെത്തുന്നത്. ഐക്യരാഷ്ട്ര സഭ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയിരിക്കെയാണ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തരൂർ മൽസരിച്ചത്. പരാജയപ്പെട്ടതോടെ നാട്ടിലെത്തി കോൺഗ്രസുമായി സഹകരിക്കുകയായിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ മൽസരിച്ച് വിജയിച്ച് യുപിഎ ഭരണകാലത്ത് മന്ത്രിയാവുകയും ചെയ്തു. പിന്നീട് തുടർച്ചയായി രണ്ട് തവണ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഗാന്ധി കുടുംബം മത്സരിത്തിനില്ലെങ്കില്‍ ജി-23 യില്‍ നിന്ന് മനീഷ് തിവാരിയോ ശശി തരൂരോ എന്നായിരുന്നു ആദ്യത്തെ ചർച്ചകള്‍. പിന്നീടത്, തരൂരിലേക്ക് ചുരുങ്ങിയെങ്കിലും ഒരു റിബല്‍ സ്ഥാനാർത്ഥിയല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. രാഹുല്‍ഗാന്ധി എതിരാളിയായുണ്ടെങ്കില്‍ മത്സരത്തിനില്ലെന്ന നിലപാടാണ് തരൂർ ആദ്യം സ്വീകരിച്ചത്. എന്നുമാത്രമല്ല, സോണിയ ഗാന്ധിയെ കണ്ട് മത്സരിക്കാനുള്ള അനുമതി ചോദിച്ചതോടെ വിമതനല്ലെന്ന സന്ദേശം മറ്റ് നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്‍കിയാണ് തരൂർ കളത്തിലിറങ്ങിയതും. ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുമായും ചർച്ചകള്‍ നടന്നു. ആദ്യം മുതല്‍ മനീഷ് തിവാരിയെ പോലെ ഗാന്ധികുടുംബത്തിനെതിരല്ലെന്ന പ്രതീതി തരൂർ സ്യഷ്ടിച്ചിരുന്നു. ജി-23 നേതാക്കളുടെ പ്രതിനിധിയായല്ല തന്റെ സ്ഥാനാർത്ഥിത്വമെന്നും അവരുടെ പിന്തുണ തേടിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ജി-23 ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നതിലേക്ക് വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.

വ്യത്യസ്തമായ രീതിയിലാണെങ്കിലും, തരൂർ നൂറ് ശതമാനം ഒരു കോൺഗ്രസുകാരനാണെന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

പാർട്ടിയില്‍ നിന്ന് കൂടുതല്‍ പിന്തുണ ലക്ഷ്യമിട്ട്, ഗാന്ധികുടുംബത്തിന്റെ കൂടി ലാളനയില്‍ മത്സരമുഖത്തെന്ന ലക്ഷ്യമാണ് തരൂരിന്റേത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ്, തകർക്കുകയല്ല സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്നാണ് തരൂരിന്റെ വാക്കുകള്‍. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പിന്തുണ നല്‍കിയില്ലെങ്കിലും ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ പതിനഞ്ചിലധികം കേരള നേതാക്കൾ ഒപ്പ് വച്ചിട്ടുണ്ട്. എകെ ആന്റണിയുടെ വിശ്വസ്തരായ എം കെ രാഘവന്‍ എംപിയും തമ്പാനൂര്‍ രവിയും കെ എസ് ശബരിനാഥനെപോലുള്ള ഐ വിഭാഗത്തിന്‍റെ നേതാവും ഒപ്പുവെച്ചുവരിലുണ്ടെന്നത് മറ്റ് കേരള നേതാക്കളില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ടാകും.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും തരൂർ പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ലെന്നും പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചയാളാണ് തരൂരെന്നുമാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വ്യത്യസ്തമായ രീതിയിലാണെങ്കിലും, തരൂർ നൂറ് ശതമാനം ഒരു കോൺഗ്രസുകാരനാണെന്നാണ് ശബരീനാഥന്‍ അടിവരയിടുന്നത്.

അശോക് ഗെഹ്ലോട്ടില്‍ തുടങ്ങി മല്ലികാർജുന്‍ ഖാർഗെ വരെ ചർച്ചകളിലുണ്ടെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വരെ അനിശ്ചിതത്വമായിരുന്നു കോൺഗ്രസിൽ. കൂടുതല്‍ സ്ഥാനാർത്ഥികള്‍ കടന്നുവരുന്നത് തരൂരിനനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ആര് ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് മനസിലാക്കാനുള്ള സംവിധാനം ഇല്ലെങ്കില്‍ കൂടുതല്‍ പേര്‍ തരൂരിനെ പിന്തുണയ്ക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

logo
The Fourth
www.thefourthnews.in