'ഡിപിആർ അപൂർണം, ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റ്'; സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്
സില്‍വർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റാണെന്ന് പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്.4033 ഹെക്ടർ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ രൂക്ഷമായി ബാധിക്കും. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.
55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പാതയുടെ 55% പ്രദേശത്തും അതിര് കെട്ടുന്നത് പ്രതികൂലമായി ബാധിക്കും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഒരു പാലം പോലും നിർദേശിച്ചതായി ഡിപിആറിൽ കാണുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുമ്പോൾ തന്നെ കൃഷിയും മറ്റ് ഉപജീവനപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകും. കൃഷി ഇല്ലാതാകുമ്പോൾ ആവാസവ്യവസ്ഥ നശിക്കും. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ സസ്യ-ജന്തു വിഭാഗങ്ങൾക്ക് ആഘാതം സൃഷ്ടിക്കുമെന്നും പഠനത്തില്‍ പറയുന്നു.
പദ്ധതി മൂലം സാരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകും. പദ്ധതിയുമായി നേരിട്ട് ബന്ധപ്പെട്ട നിർമിതികൾകൊണ്ട് 30 മീറ്റർ സോണിൽ ഏതാണ്ട് 1,94,585 മെട്രിക് ടണ്‍ ആകും. സ്റ്റേഷനുകളോട് അനുബന്ധിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതിലും വലുതായിരിക്കും ആഘാതം. കെ റെയിൽ ഒരു ഹരിത പദ്ധതിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുമെന്നും പഠനത്തിൽ പറയുന്നു. സസ്യജാലങ്ങൾ തൊട്ട് വംശനാശഭീഷണി നേരിടുന്ന മത്സ്യ സമ്പത്തിനെ വരെ ഇത് ബാധിക്കാമെന്നും പഠനം പറയുന്നു.