ചുമതല ഏറ്റെടുത്ത് അഞ്ച് മാസത്തിന് ശേഷം നടപടി; സിസ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്
സാങ്കേതിക സർവകലാശാല വി സി സിസ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണം. വിഷയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്ന് കാണിച്ചാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണം. വി സിയുടെ ചുമതലയേറ്റെടുത്ത് അഞ്ച് മാസം പിന്നിടുമ്പോഴാണ് സർക്കാർ നടപടി.
എന്നാൽ, ആരോപണങ്ങൾ സിസാ തോമസ് നിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും കാണാൻ ശ്രമിച്ചിരുന്നെന്നും മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് അന്ന് കാണാൻ കഴിയാതെ പോയത്. വകുപ്പ് സെക്രട്ടറി കാണാൻ കൂട്ടാക്കിയില്ലെന്നും സിസാ തോമസ് പറഞ്ഞു. നോട്ടീസ് ലഭിച്ചുവെന്നും സമയ പരിധിക്കുള്ളിൽ തന്നെ മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.
കെടിയു വിസിയായി സർക്കാർ നിർദേശിച്ച പേരുകൾ യുജിസി ചട്ടപ്രകാരം സ്വീകാര്യമല്ലെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിസാ തോമസിന് വി സിയുടെ അധികചുമതല നല്‍കിയത്. ഇതിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമനടപടി സ്വീകരിച്ചു. വി സി നിയമനത്തിനുള്ള അധികാരം സർക്കാരിനെന്ന് വ്യക്തമാക്കിയ ഹൈക്കോടതി , സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാരിന് മുന്നോട്ടു പോകാമെന്നും വ്യക്തമാക്കിയിരുന്നു. താത്കാലിക നിയമനമായതിനാൽ സിസ തോമസിന്റെ നിയമനത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പക്ഷം. തുടർന്ന് സിസ തോമസ് ഉടൻ വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്‍ നിർദേശിച്ചു. ഇതിന് പിന്നാലെ ഫെബ്രുവരി 28ന് സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.