സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം ഇനി സിബിഐയ്ക്ക്, വിജ്ഞാപനം പുറത്തിറങ്ങി
പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് കൈമാറാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ആവശ്യപ്പെട്ടതു പ്രകാരം കേസ് സിബിഐയ്ക്ക് വിടുകയാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.