സംഘർഷ സാധ്യതയെന്ന് പോലീസ് റിപ്പോർട്ട്; സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി
മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നടത്താൻ നിശ്ചയിച്ച ഐക്യദാർഢ്യ സദസ് മാറ്റിവെച്ചു. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് പരിപാടി മാറ്റിയത്. രാഷ്ട്രീയ ,സാമൂഹ്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വൈകുന്നേരം ടൗൺ ഹാളിൽ നിശ്ചയിച്ചിരുന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ആണ് റദ്ദാക്കിയത്. പൗരാവകാശ വേദിയായിരുന്നു പരിപാടിയുടെ സംഘാടകർ.
മുസ്ലീംലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എം.കെ രാഘവൻ എം.പി , കെ.കെ രമ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഐക്യദാർഢ്യ സദസിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി ആവശ്യപ്പെടുകയും എൻ ഐ എക്കും പൊലീസിനും പരിപാടിക്കെതിരെ പരാതി നൽകുകയുമായിരുന്നു.
നിരോധിത തീവ്രവാദ സംഘടനകളെ വെള്ളപൂശാനാണ് പരിപാടിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേ സമയം സംഘപരിവാർ ഭീഷണിക്ക് പൊലീസ് വഴങ്ങുകയാണെന്ന് പൗരാവകാശവേദി പ്രവർത്തകർ ആരോപിച്ചു. രണ്ട് വർഷമായി ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ മോചനമാണ് പ്രധാനമെന്നും നിയമപരമായി പോരാട്ടം തുടരുമെന്നും പൗരാവകാശ വേദി പ്രവർത്തകർ വ്യക്തമാക്കി. സിദ്ദീഖ് കാപ്പന്‍റെ കുടുംബത്തിന്‍റെയും സഹപ്രവർത്തകരുടെയും ജനാധിപത്യ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും പൗരാവകാശ വേദി പ്രവർത്തകർ പറഞ്ഞു.
ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന കാപ്പന് പപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം . അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്നു സിദ്ദീഖ് കാപ്പന്‍. യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ ഡി കേസിൽ ജാമ്യം ലഭുക്കാത്തതിനെ തുടർന്ന് ഇനിയും ജയിൽ മോചിതനായിട്ടില്ല.