ഹോട്ടലുടമയുടെ കൊലപാതകം: ഹണിട്രാപ്പെന്ന് പോലീസ്, നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പിനെത്തുടര്‍ന്നെന്ന് പോലീസ്. ഹണിട്രാപ്പിനുള്ള ശ്രമം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. സിദ്ദിഖിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും ഇത് എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പോലീസ് പറയുന്നു. ഫര്‍ഹാന, ഷിബിലി, ആഷിഖ് എന്നീ മൂന്ന് പ്രതികളും ചേര്‍ന്നാണ് ഹണി ട്രാപ്പ് ഗൂഢാ ലോചന നടത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് സംഭവം നടന്നതിങ്ങനെയാണ്. ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാമായിരുന്നു. ഫര്‍ഹാനയുടെ പിതാവും സിദ്ദിഖും പരിചയക്കാരാണ്. ഫര്‍ഹാന ആവശ്യപ്പെട്ടതനുസരിച്ചാണ് സിദ്ദിഖ് ഒളവണ്ണയിലെ ഹോട്ടലില്‍ ഷിബിലിക്ക് ജോലി നല്‍കിയത്. ഫര്‍ഹാന പറഞ്ഞതനുസരിച്ച് സിദ്ദിഖ് ഡി കാസ ഹോട്ടലിൽ രണ്ട് റൂം ബുക്ക് ചെയ്തു. 18ന് ഷോർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടെത്തിയത്. പിന്നാലെ ചിക്കു എന്ന ആഷിഖും എത്തി. രണ്ടു പേരുയെടും യാത്ര ട്രെയിനിലായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ ആഷിഖും ഷിബിലിയും മുറിയിലെത്തി. ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം സിദ്ദിഖ് എതിര്‍ത്തതോടെ പ്രതികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി.
ഷിബിലിയുടെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. ഇതുവച്ചാണ് പണത്തിന്റെ കാര്യം പറഞ്ഞ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തിയത്. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു. പ്രശ്നം ഉണ്ടായാൽ നേരിടാൻ ഫർഹാന ഒരു ചുറ്റിക കരുതിയിരുന്നു. ഫര്‍ഹാന നല്‍കിയ ചുറ്റിക കൊണ്ട് ഷിബിലി സിദ്ദിഖിന്‍റെ തലയ്ക്കടിച്ചു. തലയിലെ ആഴത്തിലുള്ള മുറിവ് ഈ അടിയിലുണ്ടായതാണ്. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്‍റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിലാണ് സിദ്ദിഖിന്റെ വാരിയെല്ല് തകര്‍ന്നത്. തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ ആക്രമിച്ചു. പിന്നാലെ സിദ്ദിഖ് മരിക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം.
ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു
സിദ്ദിഖ് മരിച്ചതോടെ പ്രതികള്‍ മാനാഞ്ചിറയിൽ പോയി ഒരു ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. പിറ്റേന്ന് കോഴിക്കോട് നഗരത്തില്‍ നിന്ന് തന്നെ ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൊലപാതകം നടന്ന ജി 4 റൂമിന്‍റെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. പിന്നീട് രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം സിദ്ദിഖിന്‍റെ കാറില്‍ കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളാന്‍ തീരുമാനിച്ചത് ആഷിഖാണെന്ന് പോലീസ് പറയുന്നു. ആഷിഖിന് ഈ സ്ഥലം കൃത്യമായി അറിമായിരുന്നു. ഷിബിലിയാണ് വാഹനം ഓടിച്ചത്.
പിന്നീട് ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് ഉപേക്ഷിച്ചു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവുകളും നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഈ സ്ഥലങ്ങളില്‍ കൊണ്ടുപോവും. സിദ്ദിഖിന്‍റെ എടിഎം പിന്‍ അടക്കമുള്ള വിവരങ്ങള്‍ ഷിബിലി മനസിലാക്കിയിരുന്നു. കൊലപാതകത്തിനു ശേഷം എടിഎം കാർഡ് ഉപയോഗിച്ച് പിന്‍വലിച്ചതുള്‍പ്പെടെ ആകെ 1,37,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തതെന്നാണ് വിവരം. പണം പിന്‍വലിച്ച ശേഷം ആസാമിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ ചെന്നൈയില്‍ വെച്ച് പ്രതികള്‍ പിടിക്കപ്പെടുകയായിരുന്നു.