''ബിബിസി ഡോക്യുമെന്ററിക്ക് എതിരായ നിലപാട് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിക്ക് ഉദാഹരണം''
അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ സമീപനമാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളിയെന്ന് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍. ശബരിമലയിലെ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച ബിജെപി നേതാക്കളാണ് കോടതി വിധി ചൂണ്ടിക്കാട്ടി ബിബിസി ഡോക്യുമെന്ററിയെ എതിര്‍ക്കുന്നത്. ബിബിസി ഡോക്യുമെന്ററിക്ക് എതിരായ നിലപാട് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയുടെ ഉദാഹരണമാണ്. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ നാവായി മാറാന്‍ പാടില്ലെന്നും സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാധ്യമ ദിനാചരണം പരിപാടിയില്‍ '21-ാം നൂറ്റാണ്ടില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മാധ്യമ രംഗം നേരിടുന്ന പ്രതിസന്ധികളെ എണ്ണിപ്പറഞ്ഞായിരുന്നു സിദ്ധാര്‍ഥ് വരദരാജന്‍ മുഖ്യപ്രഭാഷണം നടത്തിയത്. അധികാരത്തില്‍ ഉള്ളവരുടെ രാഷ്ട്രീയ സമീപനം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ ഭാഷ്യം അവതരിപ്പിക്കലല്ല മാധ്യമങ്ങളുടെ ജോലി, മാധ്യമങ്ങള്‍ സര്‍ക്കാരുകളുടെ മുഖപത്രം ആയി ചുരുങ്ങുകയല്ല വേണ്ടത്, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തോടുള്ള അസഹിഷ്ണുത എല്ലാ പരിധികളും ലംഘിച്ചുവെന്നും മാധ്യമ പ്രവര്‍ത്തനം ഇന്ന് സെന്‍സര്‍ഷിപ്പിന്റെ വക്കിലാണെന്നും സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. 'കശ്മീര്‍ ഫയല്‍സ്' സിനിമയ്ക്ക് നികുതി ഇളവ് ലഭിക്കുന്നു. എന്നാല്‍ ബിബിസി ഡോക്യുമെന്ററി നിരോധനത്തിന്റെ വക്കിലെത്തി. ഡോക്യുമെന്ററി വിവാദം രാജ്യത്തെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ ആക്രമണമാണ്. ഇത് ഐടി ചട്ടങ്ങളിലെ അപകടം തുറന്നുകാട്ടാന്‍ വഴിയൊരുക്കി. 2002ലെ ഗുജറാത്ത് കലാപ സമയത്ത് മാധ്യമങ്ങള്‍ സ്വതന്ത്രമായാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, സിഖ് കൂട്ടകൊല സമയത്താകട്ടെ മാധ്യങ്ങള്‍ സത്യം പറയാന്‍ മടികാട്ടി. ഒരു വാര്‍ത്താസമ്മേളനവും നടത്താത്ത പ്രധാനമന്ത്രിയാണ് നമ്മുടേത്. ചോദ്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി വിസമ്മതിക്കുകയാണ്.
ആര്‍ക്ക് മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നും പറ്റില്ല എന്നും ഇന്ന് ഭരണകൂടമാണ് തീരുമാനിക്കുന്നത്. എന്നാല്‍, വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എല്ലാ നടപടികളും വേഗത്തില്‍ തീര്‍ക്കുന്നു. നിയമപരമായും രാഷ്ട്രീയമായും സാമൂഹ്യ മാധ്യമങ്ങളില്‍ പോലും ഇന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ സമ്മര്‍ദത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജനാധിപത്യം നേരിടുന്ന പ്രതിസന്ധിക്ക് മുന്നില്‍ മാധ്യമങ്ങള്‍ നിശബ്ദരായി നില്‍ക്കുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാധ്യമങ്ങള്‍ മാറുന്നു. തുറങ്കിനും തോക്കിനുമിടയിലാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.