പറഞ്ഞതിലുറച്ച് തരൂര്‍; പറഞ്ഞ് കുഴങ്ങി ലീഗ്
മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എംപി നടത്തിയ പ്രസംഗം അപ്രതീക്ഷിതമായൊരു സാഹചര്യത്തിലേക്കാണ് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും എത്തിച്ചിരിക്കുന്നത്. ഹമാസിനെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ച തരൂരിന്റെ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ തുറന്നുവിട്ട വിവാദത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ രണ്ടഭിപ്രായം നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം.
തരൂരിന്റെ പ്രസ്താവനയെ കോഴിക്കോട് അതേവേദിയില്‍ വച്ച് തിരുത്താന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമ്മേളനം അവസാനിക്കും മുന്‍പ് തരൂരിന്റെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് ആണെന്നാണ് തരൂരിന്റെ നിലപാട്. പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും നിലപാട് തിരുത്താനും തരൂര്‍ തയ്യാറായിട്ടില്ല.
കോണ്‍ഗ്രസ് നിലപാടെന്ത്?
ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേലിന്റെ തിരിച്ചടിയും ആരംഭിച്ചു. ഒക്ടോബര്‍ ഒൻപതിന് അഹമ്മദാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇസ്രയേല്‍ പലസ്തീന്‍ വിഷയം ചര്‍ച്ചയാവുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നും പലസ്തീന് പിന്തുണ പ്രഖ്യാപിക്കണം എന്നുമായിരുന്നു യോഗത്തില്‍ ആദ്യം ഉയര്‍ന്ന ആവശ്യം. എന്നാല്‍ തരൂര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കള്‍ ഹമാസിനെ വിമര്‍ശിക്കുന്ന നിലപാട് കൂടി സ്വീകരിക്കുകയായിരുന്നു.
യോഗത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ നടത്തിയ വിശദീകരവും ഇരുപക്ഷത്തെയും തള്ളാതെ ആയിരുന്നു. പലസ്തീനെതിരായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഹമാസ് നടത്തിയ ആക്രമണത്തെയും കുറ്റപ്പെടുത്തുന്നതായിരുന്നു. ഇരുവിഭാഗങ്ങളും വെടിനിര്‍ത്തലിന് തയ്യാറാവണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.
മുസ്ലീം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പറഞ്ഞതും, ഇപ്പോള്‍ ആവര്‍ത്തിക്കുന്നതും പാര്‍ട്ടി നിലപാടാണെന്ന് പറയാന്‍ തരൂരിന് കരുത്ത് നല്‍കുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രതികരണമാണ്.
തരൂരും മുസ്ലിംലീഗും
കോണ്‍ഗ്രസിലെ നവീകരണത്തിനുവേണ്ടി പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായ ശശി തരൂരിന് മുസ്ലിം ലീഗ് നേതാക്കളോട് വലിയ അടുപ്പമാണ് കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുള്ളത്. ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണശേഷം സാദിഖ് അലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റൈടുത്തപ്പോള്‍ ആ ചടങ്ങില്‍ പങ്കെടുത്ത ഏക ലീഗ് ഇതര നേതാവായിരുന്നു തരൂര്‍.
ഇതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായ ശശി തരൂര്‍ ആദ്യമെത്തി കണ്ടതും ലീഗ് അധ്യക്ഷന്‍ സാദിഖ് അലി തങ്ങളെയായിരുന്നു. ഈ അടുപ്പമായിരുന്നു വിശ്വപൗരന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന തരൂരിനെ ലീഗിന്റെ കോഴിക്കോട് റാലിയിലേക്ക് എത്തിച്ചതും.
തരൂരിന്റെ നിലപാടുകളെ തിരുത്തി എം കെ മുനീറും ഇ ടി മുഹമ്മദ് ബഷീറും സമദാനിയും നേതാക്കള്‍ രംഗത്തെത്തിയെങ്കിലും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ ഉദാരസമീപനമായിരുന്നു സ്വീകരിച്ചത്. ശശി തരൂര്‍ പലസ്തീനൊപ്പമാണെന്നും ഒരു വരിയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നവര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്ന ക്രൂരതയാണെന്നമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ശശി തരൂര്‍ പലസ്തീന് ഒപ്പമാണ്. തരൂര്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് പറയേണ്ടത് തരൂര്‍ തന്നെയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധകൊണ്ടുവരാനാണ് ശശി തരൂരിനെ റാലിയില്‍ കൊണ്ടുവന്നത്. റാലി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ചോദ്യശരങ്ങളുമായി ഇനി വരേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്നാല്‍, തരൂര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന നിലപാടിലാണ് വിവിധ സുന്നി സംഘടനകള്‍. സമസ്ത - ലീഗ് ബന്ധം മുന്‍പില്ലാത്ത വിധത്തില്‍ ഉലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. തരൂരിന്റെ പരാമര്‍ശം തിരിച്ചടി ആയേക്കുമോ എന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ടാകുന്നതും സ്വാഭാവികമാണ്.