ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയോ ഇത്രയധികം പണം?സില്‍വര്‍ലൈനില്‍ ഹൈക്കോടതി

ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയോ ഇത്രയധികം പണം?സില്‍വര്‍ലൈനില്‍ ഹൈക്കോടതി

ഡിപിആര്‍ തയാറാകാതെ സാമൂഹികാഘാത പഠനം എന്തിന്?
Updated on
1 min read

ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇത്രയധികം പണം ചെലവാക്കിയതെന്ന് സില്‍വർലൈന്‍ വിഷയത്തില്‍ ഹൈക്കോടതി. കെ റെയില്‍ സർവേ നടപടികളെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണന്‍ സമർപ്പിച്ച ഹർജിയില്‍ ഡെപ്ല്യൂട്ടി സൊളിസിറ്റർ ജനറല്‍ മനു സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സാമൂഹികാഘാത പഠനം നടത്തിയിട്ടെന്തു കാര്യം? വലിയ വിവാദമുണ്ടാക്കിയ പദ്ധതി എവിടെ എത്തി നില്‍ക്കുന്നു? കേന്ദ്രത്തിന് താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണ്. ഒരു പേര് വിളിച്ചാല്‍ പദ്ധതിയാകില്ലെന്നും കോടതി വിമര്‍ശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ മറുപടി നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞി രുന്നു. വിശദ പദ്ധതി രേഖ(ഡിപിആര്‍) അപൂര്‍ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കോടതിയെ റെയില്‍വേ അറിയിച്ചിരുന്നു.

കെ റയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാല്‍ ഒരു പരിധിവരെ സമാധനമായേക്കാം, പക്ഷെ സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. മറ്റു പല കേസുകളും പിന്‍വലിക്കുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ചില കേസുകള്‍ പിന്‍വലിക്കാനും മറ്റും സുപ്രീം കോടതി വരെ പോയതല്ലേയെന്നും കോടതി വിമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in