ഭരിക്കാൻ 'ഡോക്ടര്‍മാര്‍'; ചീഫ് സെക്രട്ടറി വി വേണുവിനും പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനും സാമ്യങ്ങളേറേ
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ട വി വേണുവിനും പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനും സാമ്യങ്ങളേറെ. ഒരാൾ എംബിബിഎസ് ബിരുദധാരിയായ ഡോക്ടറാണെങ്കിൽ മറ്റൊരാൾ അഗ്രോണമിയില്‍ ഡോക്ടറേറ്റ് എടുത്തയാളാണ്.
കവിയും സാഹിത്യകാരനുമായ വിപി ജോയിക്ക് പകരം ചീഫ് സെക്രട്ടറി കസേരയില്‍ എത്തുന്നത് നടനും എഴുത്തുകാരനുമായ ഡോ.വാസുദേവന്‍ വേണുഗോപാല്‍ എന്ന വി വേണു ഐഎഎസ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. ആദ്യം ലഭിച്ചത് ഐആര്‍എസ്. 1990ലാണ് ഐഎഎസ് നേടിയത്. പാലാ സബ്കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങി. മലയാളത്തില്‍ ഒപ്പിടുന്ന, മുണ്ടുടുത്ത് ഓഫീസിലെത്തുന്ന, സൈക്കിള്‍ റൈഡറായ വി വേണുവിന് 2024 ഓഗസ്റ്റ് 31 വരെ ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കാം.
പ്രളയത്തിന് ശേഷം കേരള പുനര്‍ നിര്‍മാണ ചുമതല സര്‍ക്കാര്‍ വേണുവിന് നല്‍കിയത് കാര്യക്ഷമതക്കുള്ള അംഗീകാരമായിരുന്നു
പൊതുവെ സൗമ്യനാണെങ്കിലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ഉദ്യോഗസ്ഥനാണ് വേണു. റവന്യൂ സെക്രട്ടറിയായിരിക്കേ താനറിയാതെ സര്‍വേ ഡയറക്ടറെ മാറ്റിയ നടപടിക്കെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമായി പരസ്യ യുദ്ധത്തിനിറങ്ങി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവങ്കറിനെ അറസ്റ്റ് ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകന് പിന്തുണ നല്‍കി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പ്രളയത്തിനുശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണ ചുമതല സര്‍ക്കാര്‍ വേണുവിന് നല്‍കിയത് കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായിരുന്നു. അടുത്തിടെ നടന്ന വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടുള്ള തിരിച്ചുവരവിലാണ് ചീഫ് സെക്രട്ടറിയെന്ന സുപ്രധാന പദവിയിലേക്കുള്ള പടികയറ്റം. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ ജി മുരളീധരനാണ് ഭാര്യ. കല്യാണി, ശബരി എന്നിവര്‍ മക്കളും.
1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ ഷേഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്
വേണുവിനെ പോലെ തന്നെ സൗമ്യന്യും ക്ലീന്‍ ഇമേജുമുള്ള ഉദ്യോഗസ്ഥനായാണ് ഡോ.ഷേഖ് ദര്‍വേഷ് സാഹിബ് ഐപിഎസ് അറിയപ്പെടുന്നത്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം അഗ്രോണമിയില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
ആന്ധ്രാപ്രദേശ് സ്വദേശിയായ ദര്‍വേഷ് സാഹിബ്, വേണു ഐഎഎസ് നേടിയ 1990ലാണ് ഐപിഎഎസ് നേടുന്നത്. 1999 ല്‍ ഒരു മാസം പോലീസ് മേധാവിയായിരുന്ന അബ്ദുല്‍ സത്താര്‍ കുഞ്ഞിനുശേഷം മുസ്ലീം വിഭാഗത്തില്‍നിന്നുള്ള പോലീസ് മേധാവി എന്ന പ്രത്യേകത കൂടി ദര്‍വേഷ് സാഹിബിനുണ്ട്. ക്യഷിയും വായനയും തെലുങ്ക് സിനിമകളും ഇഷ്ടപ്പെടുന്ന പുതിയ പോലീസ് മേധാവിക്ക് 2024 ജൂലൈ 31 വരെ സര്‍വീസുണ്ട്. പോലീസ് മേധാവിമാരെ കുറഞ്ഞത് രണ്ട് വര്‍ഷം പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന നിയമമുള്ളതിനാല്‍ 2025 വരെ ഡിജിപി സ്ഥാനത്ത് തുടരാം.
ഷേഖ് ദര്‍വേഷിന് വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും
1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വിസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും എം എസ് പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടൻഡ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്ബിസിഐഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. മക്കൾ: അയിഷാ ആലിയ, ഫറാസ് മുഹമ്മദ്.