'പിണറായിയെ അറസ്റ്റ് ചെയ്യണോ, അതോ മോദിയെ താഴെയിറക്കണോ? രാഹുലിനോട് ചോദ്യങ്ങളുമായി യെച്ചൂരി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയെ താഴെയിറക്കുകയാണോ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടതെന്ന് യെച്ചൂരി ചോദിച്ചു. അങ്ങനെ അറസ്റ്റിനെ ഭയക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, പിണറായി വിജയൻ ഉൾപ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. എന്നിട്ടും രാഷ്ട്രീയ പ്രവർത്തനം തുടരുകയും കോൺഗ്രസിനെ നേരിടുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാലത്തും ബിജെപിയെ ശക്തമായി എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ചു.
സിപിഎം ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനായിരുന്നു സീതാറാം യെച്ചൂരി രൂക്ഷഭാഷയിൽ മറുപടി പറഞ്ഞത്. ഒത്തുതീർപ്പുണ്ടാക്കിയതു കൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഹിന്ദുത്വത്തെ ആദ്യം മുതൽ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. അതുകൊണ്ടാണ് ആർ എസ് എസിന്റെ അടിസ്ഥാന രേഖയായ വിചാരധാരയിൽ മൂന്ന് പ്രധാന ശത്രുക്കളിലൊന്നായി കമ്മ്യൂണിസ്റ്റുകളെയും ചൂണ്ടിക്കാണിക്കുന്നത്. അവർക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് അതിനുള്ള കാരണമെന്നും യെച്ചൂരി തുറന്നടിച്ചു.
ബിജെപിക്കെതിരെ ശരിയായ രാഷ്ട്രീയ സമീപനം സ്വീകരിക്കാത്തതുകൊണ്ടാണ് മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിയിലേക്ക് പോയത്. അതുപോലെ അവസരവാദ സമീപനം സ്വീകരിക്കുനവല്ല തങ്ങളെന്നും യെച്ചൂരി പറഞ്ഞു. ഒപ്പം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ അടുത്തിടെ വെറുതെ വിട്ടപ്പോൾ സുപ്രീംകോടതിയെ സമീപിച്ചതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതുമൊക്കെ സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ മുസ്ലിം നേതാക്കളുടെ ഒരു സംഘം അഭയം തേടിയെത്തിയത് സിപിഎമ്മിന്റെ ഡൽഹിയിലെ എകെജി സെന്ററിലേക്കാണ്. അന്നത്തെ കോൺഗ്രസ് സർക്കാരിനോട് പറഞ്ഞ് സുരക്ഷാ ഒരുക്കാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല, ജ്യോതി ബസു ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സിപിഎം പാർട്ടിയോടുള്ള വിശ്വാസത്തിന്റെ ഉദാഹരണമാണത്. അത് ഞങ്ങൾ ബിജെപിയോട് നടത്തിയ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ ഫലമാണെന്നും കോൺഗ്രസിനെ യെച്ചൂരി ഓർമിപ്പിച്ചു.