'മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല' എന്നതായിരിക്കും അടുത്തഘട്ടം; കേന്ദ്രമന്ത്രി മുരളീധരനെ പരിഹസിച്ച് ശിവൻകുട്ടി

'മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല' എന്നതായിരിക്കും അടുത്തഘട്ടം; കേന്ദ്രമന്ത്രി മുരളീധരനെ പരിഹസിച്ച് ശിവൻകുട്ടി

എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാകണം എന്ന് മലയാളി കരുതുന്നതുകൊണ്ട് മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്
Updated on
1 min read

ഓണവും മഹാബലിയും തമ്മിലുള്ള ബന്ധത്തെ തള്ളിപ്പറഞ്ഞ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. 'മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും, മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല' -എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍ അതിവേഗം വൈറലാവുകയും ചെയ്തു. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാകണം എന്ന് മലയാളി കരുതുന്നതുകൊണ്ട് മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം. മഹാബലി നീതിമാനായ രാജാവായിരുന്നു, എന്നാല്‍ മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഓണവുമായി ബന്ധപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം കേരളം ഭരിച്ചെന്നതിന് ഒരു തെളിവും ശേഷിക്കുന്നില്ല. ഭാഗവതം എട്ടാം ഖണ്ഡത്തില്‍ അദ്ദേഹം നര്‍മദാ നദീതീരം ഭരിച്ചിരുന്ന മഹാരാജാവാണെന്നാണ് പറയുന്നത് - മന്ത്രി പറഞ്ഞു.

ഓണത്തിന് വാമനന്‍റെ പ്രാധാന്യത്തെ കുറിച്ചും മുരളീധരന്‍ സംസാരിച്ചു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകകയായിരുന്നു. അത് ഭാഗവതത്തില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാകണം എന്ന് മലയാളി കരുതുന്നതുകൊണ്ട് മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഓണത്തെ വാമനജയന്തി എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസകള്‍ നേര്‍ന്നതിന് പിന്നാലെയായിരുന്നു മുരളീധരന്‍റെ പ്രസംഗം.

logo
The Fourth
www.thefourthnews.in