കോടതി നടപടികൾ ഇനി അതിവേഗം; വിജിലൻസിന്റെ ആറു കോടതികളെ ഇ-കോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കും
കോടതി നടപടികള്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കുന്നതിനായി വിജിലന്‍സിന്റെ ആറു കോടതികളെ ഇ-കോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കുന്നു. ഇ-കോര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ നീതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാസ് രഹിത സേവനം എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ കോടതികളെല്ലാം ഇ-കോര്‍ട്ട് സംവിധാനത്തിലേക്ക് മാറുന്നത്. സംവിധാനം നിലവിൽ വരുന്നതോടെ കോടതി രേഖകള്‍ എല്ലാം പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റിലാകും ന്യായാധിപരുടെ മുന്നില്‍ എത്തുക. സുപ്രീംകോടതിയിൽ നടപ്പാക്കി തുടങ്ങിയ ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മറ്റു കോടതികളിലും ഉടൻ തന്നെ വ്യാപിപ്പിക്കും. പ്രാഥമിക ഘട്ടമായിട്ടാണ് ആറ് വിജിലന്‍സ് കോടതികളെ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതോടു കൂടി കേസുകള്‍ തിരയാനും അപേക്ഷകള്‍ നല്‍കാനും കേസുകളുടെ നിലവിലെ സ്ഥിതി അറിയാനും വിധിപ്പകര്‍പ്പുകള്‍ ലഭിക്കാനും ഓണ്‍ലൈന്‍ വഴി സാധിക്കും.
വിചാരണ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും മാറ്റം സഹായിക്കും. നിലവിൽ ആറ് വിജിലന്‍സ് കോടതികളിലായി 1,400 ലധികം അഴിമതി കേസുകളാണുള്ളത്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള 800 കേസുകളും തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ഇ-കോര്‍ട്ട് വരുന്നതോടെ ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരമാണുണ്ടാകുക. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ഇ-എഫ്‌ഐആര്‍, കുറ്റപത്രം എന്നിവ സമര്‍പ്പിക്കുന്നതിനുള്ള നടപടികൾ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടുകൂടി പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഇ-കോര്‍ട്ട് സംവിധാനം കൊണ്ട് പ്രയോജനകരമാകും. ഇരകളാകുന്ന കുട്ടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാനും ഇത് വഴി കുട്ടികളില്‍ മനക്കരുത്തും അഭിമാന ബോധവും വളർത്താനും സാധിക്കും.
ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സുതാര്യമായും കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇത്. അഴിമതി മുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്ന നയം സർക്കാർ നടപ്പാക്കുന്നുണ്ട്. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സൈബര്‍ സെല്ലുകളും ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും വിജിലന്‍സ് ബ്യൂറോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്കും വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിജിലന്‍സ് സ്യൂട്ട് എന്ന ഡേറ്റാ ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതികളെ നേരിട്ട് കോടതികളില്‍ ഹാജരാക്കുന്നതിൽ മാറ്റം വരുത്തുന്നതിനും കോടതി നടപടികള്‍ ലളിതമാക്കുന്നതിനുമായി ആരംഭിച്ച പീപ്പിള്‍ ലിങ്ക് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എല്ലാ ജില്ലകളിലേക്കും ഉടനടി വ്യാപിപ്പിക്കും.