ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയിലെ അസ്വസ്ഥതകളുടെ കനൽ ആളിക്കത്തുകയാണ്. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തുന്ന ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉയരുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേരിട്ട് പ്രചരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കുമെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. വര്‍ഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്നും സന്ദീപ് തുറന്നെഴുതി.
ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുമ്മനം പറഞ്ഞിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കേന്ദ്രൃത്വത്തിന് കത്തെഴുതി. എന്നിട്ടും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാനായിരുന്നു സുരേന്ദ്രന്റെ താൽപ്പര്യം. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ സന്ദീപ് വാരിയര്‍ എതിർക്കുകയും പിന്നീട് അത് പാർട്ടി വിടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്തു.
അടുത്ത പാർട്ടി യോഗത്തില്‍ കെ സുരേന്ദ്രനെതിരെ രൂഷമായ വിമർശനമാകും ഉണ്ടാവുക. എംടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വി മുരളീധരന്റെ പിന്തുണപൊലും സുരേന്ദ്രന് ലഭിക്കാനുള്ള സാധ്യത കുറവാണ്. നേരത്തെ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന എതിർപ്പുകളെ തൃശൂരിലെ വിജയത്തോടെ മറികടക്കാന്‍ സുരേന്ദ്രനു കഴിഞ്ഞിരുന്നു. എന്നാൽ പാലക്കാട്ടെ തോല്‍വിയോടെ സുരേന്ദ്രന്റെ നില കൂടുതൽ പ്രതിസന്ധിയിലായിരിക്കുയാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടഞ്ഞുനിന്ന സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കാഞ്ഞതിനും സുരേന്ദ്രൻ മറുപടി പറയേണ്ടിവരും.
പ്രചരണ രംഗത്തുനിന്ന് പ്രമുഖ നേതാകളെ അകറ്റി നിർത്തിയതാണ് സുരേന്ദ്രൻ നേരിടുന്ന മറ്റൊരു പ്രധാന ആരോപണം. പാലക്കാട് പ്രാരംഭ പ്രവർത്തനങ്ങൾക്കെത്തിയ കുമ്മനം രാജശേഖരനെ പ്രചരണത്തില്‍ അടുപ്പിച്ചില്ല. ഇ ശ്രീധരനും തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതൊഴിച്ചാൽ പ്രചരണത്തില്‍ കാര്യമായ സാന്നിധ്യം ഇല്ലായിരുന്നു. പാലക്കാട്ടെ നഗര പ്രദേശങ്ങളിൽ വോട്ട് നില ഉയര്‍ത്തി, പഞ്ചായത്തുകളിലെ പാർട്ടി വോട്ടുകൾ നിലനിര്‍ത്തിയാല്‍ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ ധാരണ. എന്നാൽ നഗരസഭയിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടത്. ഇ ശ്രീധരനെക്കാള്‍ 10671 വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ഉണ്ടായത്. ശോഭ സുരേന്ദ്രൻ മത്സരിച്ചിരുന്നെങ്കിൽ ലഭിച്ചേക്കാമായിരുന്ന വ്യക്തിപരമായ വോട്ടുകൾ നഷ്ടമായതും പാരാജയത്തിന്റെ ആഘാതം കൂട്ടി.
പാലക്കാട്ടെ പരാജയവും കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിയും കേന്ദ്രനേതൃത്വം സൂഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. പാർട്ടിയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ആര്‍ എസ് എസ് ഇടപെടൽ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ആര്‍ എസ് എസില്‍ നിന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയുടെ സേവനവും ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തിൽ അഴിച്ചു പണി ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സജീവ പരിഗണനയിലാണ്.