ആകാശത്ത് ഉൽക്കകളുടെ പൂത്തിരി കാത്ത്
ഉറക്കം കളഞ്ഞു; സോഷ്യല്‍ മീഡിയയിൽ ട്രോൾ മഴ

ആകാശത്ത് ഉൽക്കകളുടെ പൂത്തിരി കാത്ത് ഉറക്കം കളഞ്ഞു; സോഷ്യല്‍ മീഡിയയിൽ ട്രോൾ മഴ

മാനത്ത് ഉല്‍ക്കകളുടെ വർണപ്പൂരം കാണാന്‍ കാത്തിരുന്നവർ അമര്‍ഷവും പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നു
Updated on
2 min read

13.08.2023 പുലര്‍ച്ചെ 12.15.

വീടിനു പുറത്തിറങ്ങിയും ടെറസിനു മുകളില്‍ കയറിയും ആളുകള്‍ മാനം നോക്കി നിന്നു. വീഡിയോ എടുക്കാന്‍ പാകത്തില്‍ ഫോണുകൾ ആകാശത്തേക്ക് ഉയർത്തിയായിരുന്നു പലരുടെയും നിൽപ്പ്.

ഉൽക്കമഴ റീൽസും സ്റ്റോറിയും സ്റ്റാറ്ററ്റസും ആക്കാനുള്ള പ്രതീക്ഷയിൽ പലരുടെയും കാത്തിരിപ്പ് പുലർച്ചെ നാലുമണിവരെയൊക്കെ നീണ്ടു., 'ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന് നിരാശരായി വാർത്ത നൽകിയ മാധ്യമങ്ങളെ പഴിച്ച് അവർ ഉറങ്ങാൻ കിടന്നു.ആകാശത്തെ വർണപ്പൂരം കാത്ത് നിന്ന ബഹുഭൂരിപക്ഷത്തിനും നിരാശരാകേണ്ടിവന്നു എന്നതാണ് നഗ്ന സത്യം

ഉൽക്കകളുടെ വർണപ്പൂരം കാത്ത് മാനം നോക്കി നിന്ന് മാനം പോയവർ സൈബർ ഇടത്തിൽ ട്രോൾ മഴ പെയ്യിക്കുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്.

സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന ഉല്‍ക്കാവര്‍ഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11,12,13 ദിവസങ്ങളിലായി ഉല്‍ക്കകളെ കാണാമെന്നും 13ന് പുലര്‍ച്ചെ മണിക്കൂറില്‍ ശരാശരി 100 ഉല്‍ക്കകളെയെങ്കിലും കാണാനാകുമെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് പലരും പാതിരാത്രി ആകാശം നോക്കി നിന്നത്.

ആകാശത്ത് തൃശൂര്‍ പൂരം കാണാമെന്നും,ഉൽക്കകളുടെ പൂത്തിരികത്തുമെന്നുമൊക്കെ ഒരു പടികടന്ന് തലക്കെട്ടിട്ട മാധ്യമങ്ങളെ എയറിലാക്കാൻ ട്രോളൻമാർ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോ സൈബർ ലോകത്തെ ആകാശത്ത്.

മണിക്കൂറില്‍ 50 മുതല്‍ 60 ഉല്‍ക്കകളെ കാണാനാണ് പലരും പ്രതീക്ഷയോടെ എത്തിയത്. എന്നാല്‍ ആകാശത്ത് കണ്ണുനട്ടിരുന്നവര്‍ പലരും നിരാശരായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍ക്കാ'പൂരം' കാണാന്‍ സാധിച്ചില്ല. ഉല്‍ക്ക കണ്ടു എന്നവകാശപ്പെടുന്നവരുമുണ്ട്. അവർക്കും കാണാനായത് ഒന്നോ രണ്ടോ മിന്നിമറയലുകളെന്നാണ് ലഭിക്കുന്ന വിവരം.അതോടെ പ്രതീക്ഷയുടെ പൂരം കെട്ടടങ്ങി.

ഉല്‍ക്ക കണ്ടെന്നും, കണ്ടില്ലെന്നും, കണ്ടത് വേറെന്തോ ആണെന്നുമുള്ള പരിഹാസം ട്രോളുകളായും പരിഹാസ പോസ്റ്റുകളായും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഉല്‍ക്ക കണ്ടെന്ന വാദവുമായെത്തിയ ഭാഗ്യവാന്മാരും 'ഹതഭാഗ്യവാന്മാരും' സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി.

വാര്‍ത്തകള്‍ കണ്ട് അമളി പറ്റി ഉറക്കം കളഞ്ഞതിന്റെ അമര്‍ഷവും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മറ്റ് ചിലര്‍ക്ക് തങ്ങള്‍ക്ക് മാത്രമല്ല അബദ്ധം പറ്റിയതെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള ആശ്വാസം.

വർഷം തോറും ആകാശത്ത് വിസ്മയം തീർക്കുന്ന പെഴ്സിയിഡ്സ് ഉൽക്കമഴ ഈ ആഴ്ചയിൽ കൂടുതൽ ദൃശ്യമാകും എന്നായിരുന്നു നാസയുടെ റിപ്പോർട്ട്.ഇന്ത്യയിലാണ് ഉൽക്കമഴ നന്നായി കാണാൻ സാധിക്കുക എന്നും നാസ വ്യക്തമാക്കിയിരുന്നു.ഇതിനെ തുടർന്നാണ് മാധ്യമങ്ങൾ ഉൽക്കമഴ സംബന്ധിച്ച് വമ്പൻ തലക്കെട്ടുകൾ ചമച്ചത്.

logo
The Fourth
www.thefourthnews.in