മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍
മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

ഓര്‍മകള്‍ ഓടി കളിക്കുവാനെത്തി; അള്‍ഷൈമേഴ്സ് ദിനത്തില്‍ പഴമയെ വീണ്ടെടുത്ത് വിദ്യാര്‍ത്ഥികള്‍

മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ റെമിനിസെന്‍സ് എന്ന പേരില്‍ പഴമയുടെ ദൃശ്യാവിഷ്കാരങ്ങളും ജീവിത രീതികളും പുനര്‍ സൃഷ്ടിക്കുകയാണ്
Updated on
1 min read

സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളാണ് ഓര്‍മകള്‍. അത് ഇല്ലാതാകുക എന്നതായിരിക്കും ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. അള്‍ഷൈമേഴ്സ് അത്തരമൊരു അവസ്ഥയാണ്. ഓര്‍മക്കുറവും വിഷാദവും പിടിമുറുക്കുന്ന വിരസമായ കാലം. ഇത്തരത്തില്‍, പഴയതെല്ലാം മറന്ന് വിഷാദത്തിന്റെ ചുഴിയില്‍ കഴിയുന്നവര്‍ക്കായി, പഴമയുടെ ദൃശ്യവിരുന്നൊരുക്കിയിരിക്കുകയാണ് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍. ലോക അള്‍ഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി 'സ്മൃതിയോരം' എന്ന പേരില്‍ പഴമയുടെ ദൃശ്യാവിഷ്കാരങ്ങളും ജീവിത രീതികളും പങ്കിടുന്ന 'റെമിനിസെന്‍സ് കോര്‍ണര്‍' എന്ന പരിപാടിയാണ് കുട്ടികള്‍ ആവിഷ്കരിച്ചത്.

അള്‍ഷൈമേഴ്സ്, ഡിമെന്‍ഷ്യ രോഗികളില്‍ പഴയകാല ഓര്‍മകള്‍ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെന്‍സ് കോര്‍ണര്‍. സ്മൃതിയോരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദര്‍ശിപ്പിക്കുക, പഴയ ജീവിതസാഹചര്യങ്ങളെ പുനര്‍സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ 80കളിലെ ചായക്കട, ബസ് സ്റ്റോപ്പ്, ചന്ത, സിനിമ ടാക്കീസ് എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കൂടാതെ നാടന്‍ വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ ഒരുക്കിയ ഭക്ഷണശാലയും ഏറെ വ്യത്യസ്തത ഉള്ളതായിരുന്നു. ആധുനിക തലമുറയ്ക്ക് അന്യമായികൊണ്ടിരിക്കുന്ന പഴമയുടെ ഓര്‍മകളെ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന അധ്യാപകര്‍ക്ക് പഴമയുടെ വേരുകള്‍ തേടിയുള്ള ഒരു യാത്രയുമായി സ്മൃതിയോരം.

logo
The Fourth
www.thefourthnews.in