പോലീസ് സേനയിൽ വീട്ടു ജോലി വിവാദം: എസ് പി സസ്പെന്റ് ചെയ്തു, ഐ ജി തിരിച്ചെടുത്തു
പോലീസ് സേനയില്‍ വീണ്ടും വീട്ടുജോലി വിവാദം. നായയെ കുളിപ്പിയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ടെലി കമ്മ്യൂണിക്കേഷന്‍ എസ് പി നവനീത് ശര്‍മ ഗണ്‍മാനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. ഉത്തരവ് പുറത്തിറങ്ങി ഒരു മണിക്കൂറിനകം പോലീസ് ആസ്ഥാനത്തെ ഐ ജി അനൂപ് കുരുവിള ജോണ്‍ ഇത് റദ്ദാക്കി.
ആളില്ലാത്ത സമയം ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചായിരുന്നു എസ് പി നവനീത് ശര്‍മ ഗണ്‍മാനെ സസ്പെന്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങളും വൈഫൈയും ഉപയോഗിക്കുകയും ചെയ്തെന്നും എസ് ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ് ഐയെ വിളിച്ച് വരുത്തി നിര്‍ബന്ധപൂര്‍വം റിപ്പോര്‍ട്ട് എഴുതി വാങ്ങുകയായിരുന്നു. സസ്പെന്‍ഷന്‍ നടപടിയ്ക്കെതിരെ പോലീസ് അസോസിയേഷന്‍ ഭാരവാഹികളാണ് ഐ ജിയെ നേരില്‍ കണ്ട് പരാതി അറിയിച്ചത്. ഇതിനെത്തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ് പിയുടെ ഔദ്യോഗിക വസതിയില്‍ ഗണ്‍മാന്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് വ്യക്തമായത്. സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് എസ് പിക്കൊപ്പം നിര്‍ത്തിയിരുന്നത്. എസ് പിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഇയാളെ എ ആര്‍ ക്യാമ്പില്‍ തിരികെ എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. .
കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കാന്‍ ശ്രമിച്ച സംഭവം നേരത്തെയും കേരള പോലീസ് സേനയില്‍ ഉണ്ടായിട്ടുണ്ട്. 2018 ല്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ അസഭ്യം പറഞ്ഞ് ഫോണു കൊണ്ട് തലക്കടിച്ചത് കേരള പോലീസ് ഡിപ്പാര്‍ട്‌മെന്റിനെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് പെണ്‍കുട്ടി ഗവാസ്കറെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പെണ്‍കുട്ടി മാപ്പു പറയാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. 2019ല്‍ തടിയിട്ടാപറമ്പ് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്ററായിരുന്ന പി സി ബാബു കുട്ടമശ്ശേരിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ ക്രൂരമായ പീഡനം കൊണ്ടാണെന്നതിനുള്ള വാട്‌സാപ് സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു.