കോളേജിലെ നിസ്കാരവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു; വിദ്യാർഥികളെ തള്ളി മഹല്ല് കമ്മിറ്റി

കോളേജിലെ നിസ്കാരവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു; വിദ്യാർഥികളെ തള്ളി മഹല്ല് കമ്മിറ്റി

വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് മാനേജ്മെൻ്റ്, മതസ്പർധ വളർത്തരുതെന്നും കോളെജ്
Updated on
2 min read

മൂവാറ്റുപുഴ നിർമല കോളെജിൽ നിസ്ക്കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം വിഭാഗീയമായ ചർച്ചകൾക്ക് വഴിവെച്ച സംഭവങ്ങൾ കെട്ടടങ്ങുന്നു. പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ കോളേജിലെത്തി വിദ്യാർഥികളുടെ ആവശ്യത്തെ തള്ളികളയുകയും അതുണ്ടാക്കിയ ചര്‍ച്ചകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നം അവസാനിച്ചത്. മുസ്ലീം ലീഗ് ഭാരവാഹികളും നിർമ്മല കോളേജിൽ എത്തി അധികൃതരുമായി ചർച്ച നടത്തി. മതസ്പർധ ഉണ്ടാക്കരുതെന്നും കുട്ടികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് പ്രിൻസിപ്പലും അറിയിച്ചു

ജൂലൈ 26 ന് നിര്‍മല കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ നിസ്‌കരിക്കാന്‍ മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പളിന് അപേക്ഷനല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. അപേക്ഷ കോളേജ് പ്രിന്‍സിപ്പല്‍ നിരസിച്ചതോടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

വിഷയം സോഷ്യല്‍ മീഡിയയിലെത്തിയതോടെ ചര്‍ച്ചകള്‍ പലവിധത്തില്‍ പുരോഗമിച്ചു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള ഒരു കോളേജില്‍ നിസ്‌കാരമുറി വേണമെന്ന ആവശ്യം ഉന്നയിക്കുന്നത് അത്ര നിഷ്‌കളങ്കമാണെന്ന് കരുതാവില്ലെന്നായിരുന്നു ഒരു ഭാഗത്തിന്റെ വാദം. വിഷയം വിദ്വേഷ പ്രചാണത്തിലേക്ക് തിരിയുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

എസ്ഡിപിഐ നിയന്ത്രിത വിദ്യാര്‍ഥി സംഘടനയാണ് നമസ്‌കാര വിഷയം ഉയര്‍ത്തി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്ന നിലയിലായിരുന്നു ആക്ഷേപങ്ങള്‍. കോളേജിന് സമീപത്ത് തന്നെ ഒരു മുസ്ലീം പള്ളിയുണ്ടെന്നും കോളേജിലെ ആണ്‍കുട്ടികള്‍ ഇവിടെ പ്രാര്‍ഥന നടത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. അത്തരം സാഹചര്യം നിലനില്‍ക്കെ ക്യാമ്പസില്‍ പ്രത്യേക നമസ്‌കാര സ്ഥലം വേണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് പ്രധാന ആക്ഷേപം.

വിദ്യാർത്ഥിനികളുടെ ആവശ്യത്തെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകളും തള്ളി പറഞ്ഞു.

സമരത്തിന് എസ്എഫ്‌ഐക്ക് പങ്കുണ്ടെന്ന നിലയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തങ്ങളിതില്‍ ഇല്ലെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തി. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ് ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്എഫ്ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണെന്നായിരുന്നു എസ്എഫ്‌ഐ നിലപാട്.

വിദ്യാര്‍ഥി പ്രതിഷേധത്തെ തള്ളി എംഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ എംഎസ്എഫ് സമരമെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന കമ്മറ്റിയുടെ നിലപാട്. വ്യാജ പ്രചരണത്തില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി പ്രതിഷേധത്തെ തള്ളിയും കോളേജ് മാനേജിമെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയത്. കോളേജിലെത്തിയാണ് വിദ്യാർത്ഥിനികളുടെ നിലപാടിനെ ഇവർ തളളിപറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്നാണ് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചത്. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്നും കോളേജ് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക പ്രാര്‍ഥനമുറി അനുവദിക്കേണ്ടെന്ന കോളേജ് പ്രിന്‍സിപ്പലുടെ തീരുമാനത്തില്‍ അപാകതയില്ലെന്ന് കോളേജ് മാനേജ്‌മെന്റും പ്രതികരിച്ചു. ഈ വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

'ജൂലൈ 26 ന് ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ നിസ്‌കാരം നടത്തുവാന്‍ മുറി അനുവദിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പളിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചു. കോളജ് അധികൃതര്‍ ഇതു പരിശോധിക്കുകയും ഇക്കാലമത്രയും പുലര്‍ത്തിവരുന്ന നിലപാട് തുടരാനും തീരുമാനിച്ചു. നിസ്‌കാരത്തിനുള്ള ആവശ്യം ഒരുതരത്തിലും അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. സമരം ചെയ്ത കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും മാനേജ്മെന്റ് പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in