ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. എത്രയും വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിട്ടത്. ജോയിന്റ് ഡയറക്ടര്‍ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയില്‍ തറച്ചു നില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. ഇതിനിടെ, വീഴ്ച പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജ് നിയോഗിച്ച അന്വേഷണ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.