മ്യൂസിയം
മ്യൂസിയം

മ്യൂസിയം സംഭവം: പ്രതിയെ കണ്ടെത്താനാവാതെ പോലീസ്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര്‍ അടങ്ങുന്ന സംഘമായിരിക്കും കേസന്വേഷണം നടത്തുക
Updated on
1 min read

തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതിയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ 4.40 ഓടെയായിരുന്നു പ്രഭാത സവാരിക്കിടെ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവം നടന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

അതിനിടെ, ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര്‍ അടങ്ങുന്ന സംഘമായിരിക്കും കേസന്വേഷണം നടത്തുക.

മ്യൂസിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എസ് ധര്‍മ്മ ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി ജിജു കുമാര്‍, ആര്‍ അജിത് കുമാര്‍, ഗ്രേഡ് എ എസ് ഐ സരോജം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ എസ് ചിത്ര, ബി വി ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ബിജു, കെ വി അജിത് കുമാര്‍, വിജിത്ത് എസ് വി നായര്‍, എം അരുണ്‍ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരായിരിക്കും സംഘത്തില്‍ ഉണ്ടാവുക.

സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരുന്നു

കാറില്‍ മ്യൂസിയത്തില്‍ എത്തിയ പ്രതിയാണ് യുവതിയെ കടന്നു പിടിച്ചത്. ഇയാളെ പിടിക്കൂടാന്‍ യുവതി പിന്നാലെ ഓടിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കാനിരിക്കെയാണ് പോലീസ് കേസെടുത്തത്.

ഇയാളുടെ മുഖമടക്കം വ്യക്തമായി ക്യാമറയില്‍ ലഭിച്ചിരുന്നു

അന്നേ ദിവസം പലയിടത്തായി ഇത്തരത്തില്‍ സമൂഹ്യ വിരുദ്ധന്റെ ശല്യം ഉണ്ടായിരുന്നു. കുറവന്‍കോണത്തെ ഒരു വീട്ടില്‍ ഒന്‍പതേമുക്കാലോടെ എത്തിയ അക്രമി 11.30 വരെ വീടിന് ചുറ്റും കറങ്ങി നടന്ന ശേഷം മടങ്ങി. എന്നാല്‍ തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള വനിതാ ഹോസ്റ്റലില്‍ എത്തിയത്. എന്നാല്‍ പെണ്‍ക്കുട്ടികള്‍ ബഹളം വെച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മുഖമടക്കം വ്യക്തമായി ക്യാമറയില്‍ ലഭിച്ചിരുന്നു. ഇവരും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in