വയനാട് പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവശ്യപ്പെടും
വയനാട് ചൂരല്‍മല- മുണ്ടക്കൈ ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോള്‍ പുനരധിവാസത്തിന് പ്രത്യേക പാക്കേജും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതിയും തീരുമാനിച്ച് സര്‍ക്കാര്‍. ദുരന്തമേഖലയിലെ തിരച്ചില്‍ ഊര്‍ജിതമാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സൈന്യം പറയുന്നതുവരെ തിരച്ചില്‍ തുടരാനാണ് തീരുമാനം. സാധ്യമായിട്ടുള്ള എല്ലാ സാങ്കേതിക സഹായവും സേനയുടെ സഹായവും ഉപയോഗിച്ച് മുന്നോട്ട് പോകും. ദുരന്തമുണ്ടായ മേഖലകളില്‍ പോലീസ് നിരീക്ഷണവും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.
ദുരന്ത മേഖലയില്‍ അപകടകരമായി നിലനില്‍ക്കുന്ന പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അവലോകന യോഗം തീരുമാനിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് വീണ്ടും ആവശ്യപ്പെടും. ഏറ്റവും തീവ്രതയേറിയ ദുരന്തം എന്ന പരിഗണന വേണം. എങ്കില്‍ മാത്രമേ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് പുനരധിവാസത്തിന് ആവശ്യമുള്ള പണത്തിന്‌റെ 75 ശതമാനമെങ്കിലും ലഭ്യമാകുകയുള്ളു. സാധ്യമായ എല്ലാ സ്ഥലങ്ങളില്‍നിന്നും വരുന്ന സഹായങ്ങള്‍ സ്വീകരിക്കുകയും സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കാനും തീരുമാനമായിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായും പ്രത്യേക പദ്ധതി പരിഗണനയിലുണ്ട്. താല്‍ക്കാലികമായി പഠനസൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ അടുത്തുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കുകയോ ചെയ്യാനും തീരുമാനമുണ്ട്. നാളെ വിദ്യാഭ്യാസമന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷമാകും എങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. കുട്ടികളെ എത്രയും പെട്ടെന്ന് സ്‌കൂളിലെത്തിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിനും പ്രധാനമാണ്.
കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പ്രധാന ദൗത്യമെന്ന് റവന്യുമന്ത്രി കെ രാജന്‍. ഇതിനായി അംഗനവാടി, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. മൊബൈല്‍ഫോണ്‍ നഷ്ടമായ എല്ലാവര്‍ക്കും അവരുടെ നമ്പരില്‍തന്നെ കണക്ഷന്‍ എത്തിച്ചുനല്‍കും. നഷ്ടപ്പെട്ട രേഖകള്‍ക്കായി ഓഫിസ് കയറി ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ക്യാംപുകളില്‍ ഹെല്‍പ് ഡസ്‌ക് തുറക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. താല്‍ക്കാലിക പുനരധിവാസം ഉടന്‍ ഉണ്ടാകും. വീടുകളുടെ വിവരശേഖരണവും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൃതദേഹങ്ങളുടെ സംസ്‌കാരത്തിനും പ്രത്യക ആക്ഷന്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. 189 മൃതദേഹങ്ങളാണ് ഇന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‌റേഷന്‍ ഭൂമിയില്‍ സംസ്‌കരിക്കുക.ഇതില്‍ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമുണ്ട്. സര്‍വമത പ്രാര്‍ഥനയോടെയാകും എല്ലാ മൃതദേഹങ്ങളുടെയും സംസ്‌കാരം നടക്കുക. സംസ്‌കാരച്ചടങ്ങുകള്‍ മൂന്ന് മണിക്കാകും ആരംഭിക്കുന്നത്. ഒരു സെന്‌റില്‍ ഏഴ് മൃതദേഹങ്ങളാകും സംസ്‌കരിക്കുക. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക.
ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 386ലേക്ക് എത്തി. ചാലിയാറില്‍നിന്ന് ഇന്നലെ 28 മൃതദേഹങ്ങളാണ് ലഭിച്ചത്.