പറമ്പിക്കുളം ഡാം: ഷട്ടര്‍ തകരാര്‍ 10 ദിവസത്തിനകം പരിഹരിക്കും; കേരളത്തിന് പിന്തുണയറിച്ച് തമിഴ്നാട്
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന സംഭവത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ കേരളത്തിന് പിന്തുണയറിയിച്ച് തമിഴ്‌നാട്. ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡാം ഷട്ടറുകളുടെ സുരക്ഷാ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി.
സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമീപ വര്‍ഷങ്ങളില്‍ ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 10 ദിവസത്തിനകം തകരാര്‍ പരിഹരിക്കാവുമെന്നാണ് കണക്കുകൂട്ടലെന്നും അദ്ദേഹം അറിയിച്ചു.
പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ താനെ ഉയര്‍ന്നത്. മൂന്ന് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറിനാണ് തകരാര്‍.
ഒരു ഷട്ടര്‍ തകരാറിലായതോടെ കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനായി മറ്റ് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. ഇതോടെ ഡാമുകളില്‍ നിന്നും പുറത്തെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളില്‍ നിന്നായി പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് 20,000 ഘനയടി അധിക ജലമാണ് ഒഴുകിയെത്തിയത്. ഇതോടെ ചാലക്കുടി പുഴയിലും ജല നിരപ്പുയര്‍ന്നു.
ഷട്ടറിന്റെ അറ്റകുറ്റപ്പണി വരുത്തുന്നതില്‍ തമിഴ്‌നാട് ജലവിഭവ വകുപ്പ് വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം
ആരുടെ വീഴ്ച
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലാകാന്‍ കാരണം തമിഴ്‌നാടിന്റെ ഗുരുതര അനാസ്ഥയാണെന്നാണ് നിലവിലെ വിലയിരുത്തല്‍. ഷട്ടറിന്റെ അറ്റകുറ്റപ്പണി വരുത്തുന്നതില്‍ തമിഴ്‌നാട് ജലവിഭവ വകുപ്പ് വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളം തമിഴ്നാടിന് കത്തയച്ചു.
പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപള്ളം എന്നീ ഡാമുകളിലെ ജലം ടണല്‍വഴി ആളിയാര്‍ , തിരുമൂര്‍ത്തി ഡാമുകള്‍ നിറയ്ക്കുകയാണ് തമിഴ്‌നാട് സാധാരണയായി ചെയ്യുന്നത്. എന്നാല്‍ കനാല്‍ അറ്റക്കുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാത്തതിനാല്‍ കോണ്ടൂര്‍ കനാലിലൂടെ ജലം കടത്തികൊണ്ട് പോകാന്‍ തമിഴ്‌നാടിന് കഴിയുന്നില്ല.
തമിഴ്നാടിന്റെ വാദം
അതേസമയം ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന സംഭവം അസാധാരണമാണെന്ന് തമിഴ്നാട്. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോണ്‍ക്രീറ്റ് ബീം അടര്‍ന്ന് മാറിയതാണ് ഷട്ടര്‍ തകരാനുള്ള കാരണം. ഇതിനു മുന്‍പ് ഇത്തരമൊരു സംഭവം എവിടെയും ഉണ്ടായതായി അറിയില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ല. കൃത്യമായ സമയത്ത് കേരളത്തെ കാര്യങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞെന്നും തമിഴ്‌നാട് വ്യക്തമാക്കി.
ഡാമിന്റെ സമീപത്ത് ജാഗ്രത നിര്‍ദേശം
ഡാമിന് തകരാര്‍ സംഭവിച്ചതോടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതിനോടകം ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് പറമ്പിക്കുളം ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പറമ്പിക്കുളം ഡാമില്‍ നിന്നെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലും എത്തും. നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം എത്തുന്നത് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാല്‍, ചാലക്കുടിപ്പുഴയില്‍ മീന്‍പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.
പരിഭ്രാന്തി വേണ്ട
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ മുന്നറിയിപ്പികള്‍ക്കു നേരെ മുഖം തിരിക്കരുതെന്നും, നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പറമ്പികുളം ഡാം കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കുമെന്ന് ജവ വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.