മേഴ്സി കുട്ടൻ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു; യു ഷറഫലിക്ക് ചുമതല

മേഴ്സി കുട്ടൻ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു; യു ഷറഫലിക്ക് ചുമതല

കാലാവധി തീരാൻ ഒന്നരവർഷം ബാക്കിനിൽക്കെ കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ആവശ്യപ്രകാരമാണ് രാജി
Updated on
1 min read

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മേഴ്സി കുട്ടൻ രാജിവച്ചു. കാലാവധി തീരാൻ ഒന്നരവർഷം ബാക്കിനിൽക്കെ കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ആവശ്യപ്രകാരമാണ് രാജി. പകരം മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു. മേഴ്സി കുട്ടനൊപ്പമുണ്ടായിരുന്ന ഐ എം വിജയൻ അടക്കമുള്ള മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. പുതിയ സ്റ്റാൻഡിങ് കമ്മിറ്റിയെ സർക്കാർ പിന്നീട് നിയമിക്കും.

2019ല്‍ ടി പി ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സി കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2024 ഏപ്രില്‍ വരെ അധ്യക്ഷസ്ഥാനത്ത് തുടരാമായിരുന്നു. പല തവണ സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻ സ്പോർട്സ് താരങ്ങളും മേഴ്സി കുട്ടനെതിരെ രംഗത്തെത്തിയിരുന്നു. കായികമേഖലയിൽ വികസനമില്ലെന്നും ഭരണം കാര്യക്ഷമല്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം.

റിപ്പോർട്ട് മേഴ്സി കുട്ടന് എതിരായ പശ്ചാത്തലത്തിലാണ് രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന

കേരളത്തിലെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്ന ആശങ്കകളും മുൻ കായിക താരങ്ങൾ മന്ത്രിയുമായി പങ്കുവെച്ചിരുന്നു. ഇതിനുകാരണം സ്പോർട്സ് കൗൺസിൽ ആണെന്ന ആരോപണവും ഉന്നയിച്ചു. തുടർന്ന് കായികമന്ത്രി സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് മേഴ്സി കുട്ടന് എതിരായ പശ്ചാത്തലത്തിലാണ് രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in