സ്പോർട്സ് വേറെ, മതം വേറെ; സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ട, സമസ്തയെ തള്ളി മന്ത്രി അബ്ദുറഹ്മാൻ
ഫുട്ബോൾ താരാരാധന ഇസ്ലാം വിരുദ്ധമെന്ന സമസ്തയുടെ നിലപാടിനെ തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി. ആരാധനകൾ അതിൻ്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ പങ്കെടുക്കട്ടേയെന്നും മന്ത്രി വി അബ്ദുറഹ്മാൻ.
താരങ്ങളെ ആരാധിക്കുന്നത് കായിക പ്രേമികളുടെ വികാരം
താരങ്ങളെ ആരാധിക്കുന്നത് കായിക പ്രേമികളുടെ വികാരമാണ്. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ.
ഫുട്‌ബോള്‍ ആവേശം അതിരുകടക്കുകയാണെന്നും താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നുമുള്ള സമസ്ത ഖുത്വബ കമ്മിറ്റിയുടെ നിർദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.
താരാരാധനയുടെ പേരില്‍ വലിയ തോതില്‍ പണം ചിലവഴിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിക വിരുദ്ധ രാഷ്ട്രങ്ങളുടേതടക്കം കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സമസ്ത ഖുത്വബ കമ്മിറ്റി നിലപാട് എടുത്തു.
സമസ്തയുടെ നിർദേശത്തിനെതിരെ നവമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ടവർ സമസ്തയുടെ നിലപാടിനെ വിമർശിച്ച് രംഗത്ത് എത്തി.