'അനുസരണയുള്ള ദാസനെപ്പോലെ സംഘപരിവാർ വാദം ആവർത്തിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. വെള്ളാപ്പള്ളി നടത്തുന്നത് ഇ ഡി, സിബിഐ, ഇൻകം ടാക്സ് പ്രീണനമാണെന്നാണ് ട്രസ്റ്റിന്റെ വിമര്‍ശനം. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ അനുസരിച്ച് മതത്തിന്റെ പേരിലുള്ള മത്സരത്തിൽ നിന്നു സമൂഹത്തെ വിമോചിപ്പിക്കുന്നതിന് പകരം, വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തുന്നതും ഹിംസാത്മകവും സംഘർഷഭരിതവുമായ ഭാഷ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുകയും മതസംഘർഷം വർധിപ്പിക്കുകയും ചെയ്യുകയാണെന്ന് ട്രസ്റ്റ് പത്രക്കുറിപ്പിൽ ആരോപിച്ചു. അടുത്തിടെ എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലെഴുതിയ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടത്തിയ മതവിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രസ്റ്റിന്റെ വിമർശനം.
കേരളത്തിൽ 'അതിരുവിട്ട മുസ്ലിം പ്രീണനവും" ഹിന്ദുക്കൾക്കതിരെ അന്യായവും നടക്കുന്നു എന്ന വാദം വെള്ളാപ്പള്ളിയുടെ ഒറിജിനൽ വാദമല്ല. മറിച്ച് നിത്യം നമ്മൾ കേൾക്കുന്ന, സംഘപരിവാറിന്റെ വ്യാജമായ വാദം മാത്രമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അനുസരണയുള്ള ദാസനെപ്പോലെ വെള്ളാപ്പള്ളി ഈ സംഘപരിവാർ വാദത്തെ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. നടേശൻ യഥാർഥത്തിൽ പ്രശ്നവത്കരിക്കേണ്ടത് "ഹിന്ദു പ്രാതിനിധ്യം" എന്നു വേഷം കെട്ടി, സവർണാധിപത്യത്തെ സംരക്ഷിക്കുന്ന തന്ത്രത്തിനെതിരെയാണെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം :
വെള്ളാപ്പള്ളിയുടേത് ഇഡി/ സിബിഐ/ഐടി പ്രീണനം
രക്തകലുഷിതമായ ഒരു നൂറ്റാണ്ടിനെ മുൻകണ്ട ശ്രീനാരായണഗുരു അതീവ ആശങ്കയോടെ 1925-ൽ ചോദിച്ചു: "ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ് ?"."മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മത്സരത്തിൽ നിന്നുള്ള മോചനം" എന്ന മറുപടിയാണ് ഗുരു ആ ചോദ്യത്തിന് സ്വയം നൽകിയ ഉത്തരം.
എന്നാൽ ഇന്ന് നമ്മൾ മുന്നിൽ കാണുന്നത് എന്താണ് ?
ഗുരുവരുൾ അനുസരിച്ച് മതത്തിന്റെ പേരിലുള്ള മത്സരത്തിൽ നിന്നു സമൂഹത്തെ വിമോചിപ്പിക്കുന്നതിന് പകരം, ഗുരുവിന്റെ നാമത്തിലൂടെ മാത്രം സാമൂഹിക അംഗീകാരം കിട്ടുന്ന, വെള്ളാപ്പള്ളി നടേശൻ, ഭീഷണിപ്പെടുത്തുന്നതും ഹിംസാത്മകവും സംഘർഷഭരിതവുമായ ഭാഷ ഉപയോഗിച്ച്, യോഗനാദത്തിലും എസ്എൻഡിപി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും ഗുരുവചനത്തെ പൂർണമായി തിരസ്കരിച്ച് കൊണ്ട്, വലിയ തോതിൽ മതവിദ്വേഷം പ്രചരിപ്പിക്കുകയും മതസംഘർഷം വർധിപ്പിക്കുകയും ചെയ്യുകയാണ്. ഇതിനെ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നു.
കേരളത്തിൽ "അതിരുവിട്ട മുസ്ലിം പ്രീണനവും" ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നു എന്നത് ശ്രീ. നടേശന്റെ ഒറിജിനൽ വാദമല്ല. നിത്യം നമ്മൾ കേൾക്കുന്ന, സംഘ്പരിവാറിന്റെ വ്യാജമായ വാദം മാത്രമാണത്. അനുസരണയുള്ള ദാസനെപ്പോലെ ശ്രീ. നടേശൻ ഈ സംഘ്പരിവാർ വാദത്തെ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്
ഇഡി/ സിബിഐ/ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ട് ജീവിക്കുന്ന നടേശൻ, യഥാർത്ഥത്തിൽ നടത്തുന്നത് "ഇ.ഡി/ സിബിഐ/ഐടി പ്രീണനം" മാത്രമാണെന്ന് നമ്മൾ മനസിലാക്കണം. നടേശന്റെ പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രാധാന്യവും നൽകേണ്ട ആവശ്യമില്ല.
കേരളത്തിൽ നിന്നുള്ള 9 രാജ്യസഭാ അംഗങ്ങളിൽ, ആനുപാതികമായി 2 ഈഴവരും 3 പേർ ഇതര ഒബിസി-ദലിത്-സവർണ വിഭാഗക്കാരിൽ നിന്നും 2 മുസ്ലിങ്ങളും 2 ക്രിസ്ത്യാനികളും ആണ് ഉണ്ടാകേണ്ടത്.
കേന്ദ മന്ത്രിസഭയിൽ, 20 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ മുസ്ലിം അംഗം പോലും ഇല്ല. ആനുപാതികമായി, കുറഞ്ഞത് 80 മുസ്ലിം എംപിമാർ ഉണ്ടാകേണ്ട ലോക്സഭയിൽ വെറും 24 മുസ്ലിം എംപിമാർ മാത്രം (4%) ആണുള്ളത്. ആനുപാതികമായി, കുറഞ്ഞത് 37 മുസ്ലിം എംപിമാർ ഉണ്ടാകേണ്ട രാജ്യസഭയിൽ വെറും നിലവിൽ 13 എംപിമാർ (5%) മാത്രമേ ഉള്ളു.
ഇന്ത്യൻ പാർലമെൻറിൽ ഒരു വിഭാഗം ജനതയുടെ പ്രതിനിധ്യത്തിൽ വലിയ തോതിലുള്ള അഭാവം, സംഘപരിവാർ ഉണ്ടാക്കിയിരിക്കുകയാണ്. ഏതു സമുദായത്തിന്റെയും ആനുപാതിക പ്രാതിനിധ്യ കുറവ് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ 20 കോടി മുസ്ലിങ്ങൾക്ക് രാജ്യസഭയിൽ 3 സ്ഥാനങ്ങൾ കേരളം കൊടുക്കുന്നത് മുസ്ലിം ശബ്ദം പാർലമെൻറിൽ ഒരല്പം ശക്തിപ്പെടുത്താനും ഇന്ത്യൻ ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയെയും സംരക്ഷിക്കാനുമുള്ള കേരളത്തിന്റെ എളിമ സംഭാവന മാത്രമാണ്. അതൊരിക്കലും പ്രീണമല്ല.
ലോക്സഭയിലും രാജ്യസഭയിലും പാർട്ടി ഭേദമില്ലാതെ എംപിമാർ സവർണാധികാര ഒളിഗാർക്കി നിലനിർത്തുന്നതിനു വേണ്ടി, സാമുദായിക സംവരണം ഇല്ലാതാക്കണം എന്ന ഉദ്ദേശത്തോടെ, ഇഡബ്ല്യൂഎസ് EWS (Exclusively and Wholly for Savarnas) സംവരണം, 103-ാം ഭരണഘടന ഭേദഗതിയിലൂടെ പാടക്കിയപ്പോൾ,പിന്നോക്കക്കാർക്ക് വേണ്ടി അതിനെ എതിർക്കാൻ മുസ്ലിം എംപിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വസ്തുത വെള്ളാപ്പള്ളി മറന്നുപോയെങ്കിലും പിന്നോക്ക സമുദായങ്ങൾ മറക്കുകയില്ല.
കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ തീയ്യ സമുദായത്തിൽ പെട്ട വി മുരളീധരൻ മന്ത്രിയായിരുന്നു. ഇത്തവണ ഒരു നായരെയും സുറിയാനി ക്രിസ്ത്യാനിയെയും ആണ് തിരഞ്ഞെടുത്തത്. എൻ.ഡി.എ മുന്നണി, 'നായർ-സുറിയാനി (ക്രിസ്ത്യൻ) പ്രീണനം' നടത്തുകയാണെന്ന ആരോപണം നടേശൻ ഉന്നയിച്ചിട്ടില്ലല്ലോ. രാജ്യസഭാ സീറ്റിൽ 5 മുസ്ലിങ്ങൾക്ക് ശേഷം 5 ഹിന്ദുക്കളെ നിശ്ചയിച്ച് അതു മുഴുവൻ നായന്മാർക്കു നൽകിയാൽ ശ്രീ. നടേശന് തൃപ്തിയാകുമോ? ഇദ്ദേഹം ഹിന്ദുക്കളുടെ നേതാവാണോ അതോ ഈഴവ- തിയ്യ സമുദായ നേതാവാണോ?
"ഹിന്ദു പ്രാതിനിനിധ്യം" അവർണ സമുദായങ്ങളുടെ പ്രാതിനിധ്യം അല്ല. "ഹിന്ദു പ്രാതിനിധ്യം", സവർണ പ്രാതിനിധ്യം മാത്രമാണ്. നടേശൻ യഥാർത്ഥത്തിൽ പ്രശ്നവൽക്കരിക്കേണ്ടത് "ഹിന്ദു പ്രാതിനിനിധ്യം" എന്നു വേഷം കെട്ടി, സവർണാധിപത്യത്തെ സംരക്ഷിക്കുന്ന തന്ത്രത്തിനെതിരെയാണ്, പ്രസ്താവനയിൽ പറയുന്നു.