എസ്എസ്എൽസി ഫലം ഇന്നറിയാം; പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികൾ
എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാർഥികൾ ആണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ പതിനൊന്ന് ദിവസങ്ങൾക്ക് മുമ്പെയാണ് ഫലം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപിച്ച ഉടനെ പിആർഡിയുടെ ആപ്പിലൂടെ ഫലം അറിയാൻ സാധിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ വിശദമായ ഫലം ലഭിക്കും.
ഇതിന് പുറമെ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലുടെയും ഫലം അറിയാൻ സാധിക്കും.
കഴിഞ്ഞ തവണ പരീക്ഷ എഴുതിയവരിൽ 99.70 ശതമാനം പേരും വിജയിച്ചിരുന്നു. ഇത്തവണ വിജയശതമാനം വർധിക്കുമോയെന്നാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനിടയിലും സമയബന്ധിതമായി മൂല്യനിർണയം നടത്താൻ സാധിച്ചു. 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ ആണ് മൂല്യനിർണയത്തിന്റെ ഭാഗമായത്.
ഫലപ്രഖ്യാപനം വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഹയർസെക്കന്‍ഡറി പ്രവേശനം ആരംഭിക്കാനാണ് വിദ്യഭ്യാസവകുപ്പിന്റെ തീരുമാനം. അതേസമയം ഹയർസെക്കന്‍ഡറി ഫലം നാളെ പ്രഖ്യാപിക്കും.