നിരത്തിലെത്താതെ കേരള സവാരി; ആപ്പ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായില്ല, എന്ന് ലഭ്യമാകുമെന്നും നിശ്ചയമില്ല
കേരള സവാരിയുടെ പ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഫ്‌ളാഗ് ഓഫ് കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞിട്ടും കേരള സവാരി ടാക്‌സികളില്‍ യാത്ര ചെയ്യാന്‍ പൊതുജനത്തിന് കഴിഞ്ഞിട്ടില്ല. സാങ്കേതിക തകരാറുകള്‍ കാരണം ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാകാത്തതാണ് പദ്ധതി താളം തെറ്റിച്ചത്.
ഉദ്ഘാടന ദിവസം പോലും ആപ്പിനെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നില്ല
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓട്ടം പോകാനാകാതെ പ്രതിസന്ധിയിലാണ് തൊഴിലാളികള്‍. ആഗസ്റ്റ് 17നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സവാരിയുടെ ഔദ്യോഗിക ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചത്. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്തുമെന്നും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭ്യമാക്കുമെന്ന ഉറപ്പോടെയായിരുന്നു 'കേരള സവാരി' സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ആപ്പിന്റെ ട്രയല്‍ റണ്‍ നടത്തുകയും വൈകുന്നേരം മൂന്നു മണിയോടു കൂടി ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം പോലും ആപ്പിനെ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡ്രൈവര്‍മാരുടെ ഫോണില്‍ ലഭ്യമാക്കിയത്. ആപ്പ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ ആശങ്കയിലാണ് തൊഴിലാളികള്‍.
തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ആപ്പ് എന്ന് പ്ലേസ്‌റ്റോറില്‍ ലഭ്യമാകുമെന്ന് അറിയില്ലെന്നുമാണ് കേരള സവാരി അധികൃതരുടെ പ്രതികരണം. പ്ലേസ്‌റ്റോറിന്റെ ഭാഗത്ത് നിന്നും വെരിഫിക്കേഷന്‍ ഇതുവരെയും പൂര്‍ത്തിയാകാത്തതാണ് ആപ്ലിക്കേഷന്‍ വൈകാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു.
കേരള സവാരി ജനങ്ങള്‍ ഏറ്റെടുത്ത് ഓണക്കാലത്ത് ടാക്‌സികള്‍ക്ക് നല്ല രീതിയില്‍ ഓട്ടം ലഭിക്കുമെന്നും കൊറോണക്കാലത്ത് നേരിട്ട പ്രതിസന്ധികളെ മറികടക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഡ്രൈവര്‍മാര്‍. എന്നാല്‍ പദ്ധതി പരുങ്ങലിലായതോടെ കേരള സവാരിയുടെ കീഴില്‍ അല്ലാതെ സാധാരണ നിലയില്‍ ഓടുകയാണ് 500ലധികം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍.