ബജറ്റ് പ്രഖ്യാപനങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; കീശ കീറും
കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധന, സെസ് ഈടാക്കല്‍ എന്നിവ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ മലയാളികളെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകൾ. ഗാര്‍ഹിക, ഗതാഗത, വിനോദ, ആഡംബര മേഖലകളില്‍ വന്‍വിലക്കയറ്റമാണുണ്ടാകുക.
കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. പെട്രോളിനും ഡീസലിനും നിരക്കുയരുന്നത് ചരക്കു ഗതാഗത ചെലവ് വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമാകും. ഇതോടെ ഗാര്‍ഹികച്ചെലവുകളും കുത്തനെ ഉയരും.
വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം അനുസരിച്ച് ഭൂമിയുടെ ന്യായവില 20 ശതമാനം വരെ വര്‍ധിക്കും. ഇതനുസരിച്ച് രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ധനയുണ്ടാകും. കോര്‍ട്ട് ഫീ സ്റ്റാംപ്, ഫ്‌ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂട്ടും. രജിസ്ട്രേഷന് ഇ-സ്റ്റാമ്പിങ് നിര്‍ബന്ധമാക്കും. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിക്കും.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതി കൂടും. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനം വര്‍ധനയാണ് നാളെ മുതല്‍ സംഭവിക്കുക. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിക്കും.
ഇരുചക്രവാഹനം - 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപയും വര്‍ധിക്കും. ഇറക്കുമതി ചെയ്ത ആഡംബരകാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റംസ്ഡ്യൂട്ടി 60 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത് ഏപ്രില്‍ മുതല്‍ നടപ്പാകുന്നതോടെ വാഹനങ്ങളുടെ വില വലിയ തരത്തില്‍ ഉയരാന്‍ കാരണമാകും.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം ലക്ഷ്യമിട്ടാണ് മദ്യനികുതി വര്‍ധിപ്പിച്ചത്. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 30 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 50 രൂപ നിരക്കിലും വർധനയുണ്ടാകും.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിക്കും
ബജറ്റില്‍ സംസ്ഥാനം മദ്യത്തിന് വില വര്‍ധിപ്പിച്ചപ്പോള്‍ കേന്ദ്രം സിഗരറ്റിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിഗരറ്റിന് മുകളില്‍ 16 ശതമാനം നികുതി വര്‍ധനയാണ് സംഭവിക്കുക. സിഗരറ്റിന്റെ വലിപ്പം, ഫില്‍ട്ടര്‍ മുതലായവയെ അടിസ്ഥാനമാക്കി വിലയില്‍ 16 ശതമാനം വര്‍ധനയാണ് സംഭവിക്കുക. സ്വര്‍ണക്കട്ടികള്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രില്‍ മുതല്‍ വര്‍ധിക്കുന്നതോടെ സ്വര്‍ണാഭരണങ്ങള്‍ക്ക് വിലകൂടാന്‍ കാരണമാകും. കേന്ദ്രം നികുതി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ക്കും കുടയ്ക്കും വില കൂടും.