ആഭ്യന്തരകടം വര്‍ധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്; കാരണം കേന്ദ്രനയം, പ്രമേയം പാസാക്കി നിയമസഭ

ആഭ്യന്തരകടം വര്‍ധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്; കാരണം കേന്ദ്രനയം, പ്രമേയം പാസാക്കി നിയമസഭ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്ക് 10.16 ആയിരുന്നത് 2023-24 സാമ്പത്തിക വര്‍ഷം 8.19 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
Updated on
1 min read

ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 16,345.48 കോടി രൂപ വര്‍ധിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പൊതുകടം 2380000.96 കോടി രൂപയാണെന്നും മന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 210791.60 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര കടം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ അത് 227137.08 കോടി രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്ക് 10.16 ആയിരുന്നത് 2023-24 സാമ്പത്തിക വര്‍ഷം 8.19 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര വിഹിതത്തില്‍ വന്ന കുറവാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര കടം വര്‍ധിക്കാന്‍ കാരണമായതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ 4.6 ശതമാനത്തിന്റെ കുറവാണ് വന്നത്. സംസ്ഥാനങ്ങള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിഷേധാത്മക സമീപനത്തിനെതിരേ നിയമസഭ ഇന്ന് പ്രമേയം പാസാക്കുകയും ചെയ്തു. ധനമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ ബെഞ്ചിന്റെ അസാന്നിദ്ധ്യത്തില്‍ സഭ ശബ്ദവോട്ടോടെ പാസാക്കി.

ധനകാര്യകമ്മീഷന്റെ ശിപാര്‍ശകള്‍ കാറ്റിപ്പറത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രീതിയിലാണെന്നും ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന അധികാരങ്ങള്‍ നഷ്ടടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാരിന്‌റെ ചില നടപടികള്‍ എത്തിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്.

ആഭ്യന്തരകടം വര്‍ധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്; കാരണം കേന്ദ്രനയം, പ്രമേയം പാസാക്കി നിയമസഭ
'എന്ത് ചോദിച്ചാലും ഇരുകൈയും ഉയര്‍ത്തി പരിശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി'; മാസപ്പടിയിൽ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തിന്‌റെ വിഹിതം നിശ്ചയിച്ചപ്പോള്‍ത്തന്നെ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. അതിനു പുറമേയാണ് കമ്മീഷന്‌റെ അംഗീകരിക്കപ്പെട്ട ശിപാര്‍ശകളെ മറികടന്നുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌റെ വായ്പാപരിധി 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതിയോടെ പാര്‍ലമെന്‌റിന്‌റെ ഇരുസഭകളും അംഗീകരിച്ച ശിപാര്‍ശകള്‍ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര ധനമന്ത്രാലയം വായ്പാകാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പംതന്നെ ലഭിക്കേണ്ട ഗ്രാന്‍ഡുകള്‍ തടഞ്ഞുവയ്ക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതെല്ലാംതന്നെ ഫെഡറല്‍ സംവിധാനത്തിന്‌റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടികളാണ്- പ്രമേയത്തില്‍ പറയുന്നു.

Attachment
PDF
financial analysis.pdf
Preview

യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പരമാധികാരം ഉള്ളതുപോലെ സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പരമാധികാരമുണ്ട്. ഭരണഘടന ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അതിനാല്‍ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്‌റെ കീഴ്ഘടകങ്ങളായി കാണുന്ന ജനാധിപത്യവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും കേരളത്തിന്‌റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്‍ഡുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in