സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശി സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്
2023-ലെ സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍ 583). ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നി രണ്ടാം റാങ്കും(575), കോട്ടയത്ത് നിന്നുള്ള ഫ്രഡി ജോര്‍ജ് റോബിന്‍ മൂന്നാം റാങ്കും (572) കരസ്ഥമാക്കി.
എസ് സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി എസ് ജെ ചേതന ഒന്നാം റാങ്ക് നേടി (441) കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക് (437). എസ്ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദന്‍ വിനു ജോണിന് ഒന്നാം റാങ്കും (387) പാലക്കാട് സ്വദേശി എസ് അനഘ (354) രണ്ടാം റാങ്കും നേടി.
മേയ് 17നാണ് 2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. മൂല്യനിര്‍ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‌കോര്‍ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. വിവിധയിടങ്ങളിലായി 339 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 24,325 പെണ്‍കുട്ടികളും 25,346 ആണ്‍കുട്ടികളും ഉള്‍പ്പെടെ 49,671 പേരാണ് ഇത്തവണത്തെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സിലബസില്‍ നിന്ന് 2,043 പേരും സിബിഎസ്ഇയില്‍ നിന്നും 2,790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളില്‍ യോഗ്യത നേടിയത്.