ഭ്രഷ്ടും അയിത്തവും ഇപ്പോൾ ജാതിയും കടന്ന് യൂണിയനിലേക്ക് ചേക്കേറി; നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി

ഭ്രഷ്ടും അയിത്തവും ഇപ്പോൾ ജാതിയും കടന്ന് യൂണിയനിലേക്ക് ചേക്കേറി; നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി

ഓണത്തിന്റെ തുടര്‍ച്ചയായുണ്ടായ ആഘോഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ജാതിവിവേചനം
Updated on
2 min read

സ്വന്തം നാട്ടില്‍ ജാതി വിവേചനം നേരിട്ടെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ഗാനരചയിതാവ് സുജേഷ് ഹരി. ഫേസ്ബുക്കിലൂടെയാണ് നേരിട്ട ജാതിവിവേചനത്തെക്കുറിച്ച സുജേഷ് ഹരി അറിയിച്ചത്. ഓണത്തിന്റെ തുടര്‍ച്ചയായുണ്ടായ ആഘോഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ജാതിവിവേചനം.

ജന്മനാട്ടില്‍ വടംവലി കാണാന്‍ പോയപ്പോള്‍ പണി പൂര്‍ത്തിയാക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട യൂണിയന്‍ കെട്ടിടത്തിന്റെ മുകളിലിരുന്നെന്നും അവിടെ നിന്ന് സുജേഷ് ഹരിയെയും മറ്റ് സമുദായത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ പുറത്താക്കിയെന്നുമാണ് പരാതി. 2019 ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയാണ് സുജേഷ് ഹരി.

യൂണിയന്‍ ഭാരവാഹിയായ കൂട്ടുകാരനാണ് ഇത് ചെയ്‌തെന്നും സുജേഷ് ഹരി ആരോപിക്കുന്നുണ്ട്. ഒരേ പാത്രത്തിലുണ്ട് ഒരേ പായില്‍ കെട്ടിപ്പിടിച്ചുറങ്ങിയ കൂട്ടുകാരനാണ് ഇത് ചെയ്തതെന്നും സുജേഷ് ഹരി അപലപിക്കുന്നുണ്ട്. തന്നെ മാത്രമല്ലെന്നും കൂടെയുണ്ടായിരുന്ന താഴ്ന്ന സമുദായത്തില്‍പ്പെട്ടവരെക്കൂടി പുറത്താക്കിയെന്നും അവരുടെയുള്ളില്‍ അതുണ്ടാക്കിയ മുറിവ് എത്രത്തോളമായിരിക്കുമെന്നും സുജേഷ് ഹരി കുറിച്ചു. ഒരു വശത്ത് ലോകം വിശാലതയിലേക്ക് പോകുമ്പോള്‍ ഇവിടെ ഭ്രഷ്ടും അയിത്തവുമൊക്കം ജാതിയും കടന്ന യൂണിയനുകളിലേക്ക് ചേക്കേറുകയാണെന്നും സുജേഷ് ഹരി പറഞ്ഞു.

സുജേഷ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ മനസ്സിലാക്കിയവർ ദയവായി ഇത് വായിക്കാതെ പോകരുത്...

മൂന്ന് വ്യത്യസ്ത സ്ഥലത്തെ മൂന്ന് കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട്.

1. മുംബൈയിലെ തെരുവുകളിലൊന്നിൽ മുസ്ലീം സമുദായക്കാരുടെ പ്രാർത്ഥനാ സ്ഥലത്തിനോട് ചേർന്ന് ഇരിക്കാൻ പാടില്ലാത്തൊരു സ്ഥലത്ത് ഞാനറിയാതെ ഇരുന്നപ്പോൾ ഒരു മുസ്ലീം ചെറുപ്പക്കാരനോടി വന്ന് ഭയ്യാന്ന് വിളിച്ച് എനിക്ക് മുഴുവനായി മനസ്സിലാക്കാൻ കഴിയാത്ത ഹിന്ദിയിൽ അവിടെയിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് മനസ്സിലാക്കുകയും സ്നേഹത്തോടെ മറ്റൊരു സ്ഥലത്ത് കൊണ്ടിരുത്തുകയും ചെയ്തു.

2. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിന് ചന്തമുക്ക് മുതൽ പുലമൺ വരെയുളള കടകളുടെ മുകളിൽ നിന്ന് കെട്ടുകാഴ്ച കാണാൻ ആരും ആരോടും അനുവാദം ചോദിക്കാറുമില്ല. ആരും ആരെയും വിലക്കാറുമില്ല.

3. ഇന്നലെ ഇരുപത്തെട്ടാം ഓണാഘോഷത്തിന് എന്റെ ജന്മനാട്ടിൽ വടംവലി കാണാൻ ഞാൻ ജനിക്കപ്പെട്ട സമുദായത്തിന്റെ

പണി പൂർത്തിയാകാത്ത യൂണിയൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന യൂണിയൻ അംഗമല്ലാത്ത എന്നെയും വിവിധ ജാതിയിൽ പെട്ട അമ്മയും കുഞ്ഞുങ്ങളുമുൾപ്പെട്ട മറ്റുളളവരെയും യൂണിയൻ ഭാരവാഹിയായ കൂട്ടുകാരൻ ആക്രോശിച്ച് പുറത്താക്കി.

ഒരു വശത്ത് ലോകം വിശാലതയിലേക്ക് പോകുമ്പോൾ ഇവിടെ ഭ്രഷ്ടും അയിത്തവുമൊക്കെ ജാതിയും കടന്ന് യൂണിയനുകളിലേക്ക് ചേക്കേറിയത് കാണുമ്പോൾ ശ്വാസം നിലച്ച് വിറങ്ങലിച്ച് പോകുന്നുണ്ട്.

ഹരിയെ ഷൗട്ട് ചെയ്ത് പുറത്താക്കി എന്നതിന്റെ പേരിൽ ഇത്തിരി ഗമയും, മുകളിലിരിക്കുന്നവരുടെ തോളത്ത് തട്ടലും, സ്ഥാനക്കയറ്റവുമൊക്കെയാണ് ആഗ്രഹിച്ചതെങ്കിൽ മുൻകൂട്ടിയൊന്ന് പറഞ്ഞാൽ ഒരക്ഷരം മിണ്ടാതെ നിന്ന് തന്നേനെയല്ലോ ഒരു പാത്രത്തിലുണ്ട് ഒരു പായിൽ കെട്ടിപ്പിടിച്ചുറങ്ങി വളർന്ന പ്രിയപ്പെട്ടവനേ...

പക്ഷെ ഇതിപ്പോൾ ഇങ്ങനെയൊരട്ടഹാസം നടത്തി എന്നോടൊപ്പം നിങ്ങൾ താഴ്ന്നതെന്ന് കരുതുന്ന മറ്റ് ജാതിയിലുള്ളവരെക്കൂടി പുറത്താക്കിയപ്പോൾ അവരുടെയുളളിൽ അതുണ്ടാക്കിയ മുറിവിന്റെ ആഴമളക്കാനുള്ള അളവ്കോലിന്റെ വലിപ്പമോർത്ത് ഞാൻ തകർന്ന് പോകുന്നു.

കൂട്ടുകാരാ നിനക്കറിയാത്ത ഒരു കാര്യം കൂടി ഞാൻ പറഞ്ഞോട്ടെ...

എനിക്ക് നിന്നോടുള്ള സ്നേഹം രക്തത്തിലലിഞ്ഞ് ചേർന്നതാണ്.

നിന്റെ പോക്കിനോട് മാത്രമാണ്

എതിർപ്പും വെറുപ്പും....

പിന്നെ ഇതിവിടെ പോസ്റ്റ് ചെയ്തത്!! ആർക്കെങ്കിലും ഇത്തിരി വെളിച്ചം പകരാൻ വാക്കുകളല്ലാതെ മറ്റെന്താണ് ഞാനുപയോഗിക്കുക.

ഇത്തിരി ഇലാമപ്പഴത്തിന്റെ കുരുവരച്ച് പാലിൽ ചേർത്തതുമായി ആരെങ്കിലുമിവിടെയെത്തുമോ?

പടർന്ന് പന്തലിച്ച ജാതി/യൂണിയൻ അന്ധതയുടെ ഈ ഇലാമ മരം ആരെങ്കിലും മുറിച്ചെറിയുമോ?

പിന്നോട്ടോടുന്ന പെറ്റനാടിന്റെ അവസ്ഥയോർത്ത് തൽക്കാലം ഞാനൊന്ന് നെഞ്ചത്തടിച്ച് നെലവിളിച്ചോട്ടെ

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിനായി എഴുതിയ ഗാനത്തിനാണ് 2019 ല്‍ സുജേഷ് ഹരിക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്കാണ് രണ്ടാമതായി പാട്ടെഴുതിയത്. മറിമായം, കോമഡി എക്‌സ്പ്രസ്സ് തുടങ്ങിയ ടിവി പരിപാടികള്‍ക്ക് അവതരണഗാനങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in