'സംസ്ഥാന സർക്കാരിന് അധികാരമില്ല'; പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി  റദ്ദാക്കി

'സംസ്ഥാന സർക്കാരിന് അധികാരമില്ല'; പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

നിരോധനത്തിനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിനെന്ന് ഹൈക്കോടതി
Updated on
1 min read

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപതു ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്‌. ഇത്തരത്തിലുള്ള നടപടിക്ക് സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.

നിരോധനത്തിനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിന് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്.

സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ‍‍‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗസാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരിക. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം. ഇത്തരം ക്യാരി ബാഗ് നിർമാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്. സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരും

കേരളത്തിൽ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങള്‍ക്കാണ് നിരോധനം നിലവിലുണ്ടാരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്‌റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിംഗുള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 എം. എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമായിരുന്നു.

logo
The Fourth
www.thefourthnews.in