ഹോട്സ്പോട്ടുകളില്‍ സമ്പൂര്‍ണ വാക്സിനേഷന്‍; പേവിഷബാധയ്ക്കെതിരെ സർക്കാരിന്റെ കര്‍മ്മപദ്ധതി തയ്യാർ
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം നേരിടുന്നതിനായി സംസ്ഥാന സർക്കാരിന്റെ കർമ്മ പദ്ധതി തയ്യാറായി. 4 പ്രധാന കാര്യങ്ങളാണ് പദ്ധതിയിലുള്ളത്. തീവ്ര വാക്‌സിനേഷന്‍ യജ്ഞം, തെരുവുനായ്ക്കള്‍ക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കള്‍ക്കുമായുള്ള അഭയകേന്ദ്രങ്ങള്‍, ശുചിത്വയജ്ഞം, ഐ ഇ സി ക്യാപെയ്ന്‍ എന്നിവയാണ് സർക്കാർ സ്വീകരിക്കുക.
തീവ്ര വാക്‌സിനേഷന്‍ യജ്ഞം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ മൃഗക്ഷേമ സംഘടനകള്‍, റസിഡന്റ് അസോസിയേഷന്‍ എന്നിവയുടെ സഹായത്തോടെ തെരുവ് നായ്ക്കളുടെ വാക്സിനേഷന്‍ നടത്തും. ഇതിന് തുക ഈടാക്കേണ്ടതില്ല. മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർമാരായിരിക്കും നായ്ക്കളെ കുത്തിവെക്കുക. ഓരോ പ്രദേശത്തേയും അനിമല്‍ ഫീഡേഴ്‌സിന്റെ സഹായത്താല്‍ ഹാന്‍ഡ് ക്യാച്ചിങ് നടത്തി നായ്ക്കളെ പിടിക്കാവുന്നതാണ്. ഡോഗ് ക്യാച്ചറുടെ സഹായവും തേടാം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 2022 സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയായിരിക്കും പരിപാടി
ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തണം.
സന്നദ്ധ പ്രവര്‍ത്തകര്‍ രോഗം വരാതിരിക്കാനുള്ള കരുതല്‍ വാക്‌സിനേഷന്‍ സ്വീകരിക്കണം.
തെരുവുനായ്ക്കളെ വാക്‌സിനേഷനായി കൊണ്ടുവരുന്ന മൃഗസ്‌നേഹികളായ വ്യക്തികള്‍ക്ക് 500 രൂപ പ്രതിഫലമായി എബിസി കേന്ദ്രങ്ങളില്‍ നിന്ന് നല്‍കണം.
തെരുവുനായ്ക്കള്‍ക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കള്‍ക്കുമായുള്ള അഭയകേന്ദ്രങ്ങള്‍
അക്രമകാരികളായ നായ്ക്കളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഉപയോഗിക്കാത്തതോ പൂര്‍ണ്ണമായി ഉപയോഗിക്കാത്ത കെട്ടിടഭാഗങ്ങളോ അഭയ കേന്ദ്രങ്ങളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുന്നു.
ശുചിത്വയജ്ഞം
പൊതുനിരത്തുകളിലേയും സ്ഥലങ്ങളിലേയും ജൈവ-സങ്കര മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഭക്ഷണ-മാംസ മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ തള്ളുന്നത്
തടയാന്‍ ഹോട്ടലുടമകള്‍, മാംസവ്യാപാരികള്‍ എന്നിവരുമായി ചർച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റുകള്‍,മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ എന്നിവ ഉണ്ടാക്കുന്നതിനുള്ള 30 ദിവസത്തെ തീവ്രയജ്ഞം ഒക്ടോബര്‍ മാസത്തില്‍ സംഘടിപ്പിക്കും.
ഐ ഇ സി ക്യാപെയ്ന്‍
തെരുവ് നായ്ക്കളുടെ ആക്രമണമേറ്റാല്‍ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യം, അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
വളര്‍ത്ത് നായകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ നല്‍കുകയും മൃഗസംരക്ഷണ വകുപ്പ് ലൈസന്‍സ് നല്‍കുകയും ചെയ്യും.