സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് പിടികൂടി, 126 കോടി പിഴ; വിവരങ്ങൾ പുറത്ത് വിടാതെ ജിഎസ്ടി വകുപ്പ്
കേരളത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് കണ്ടെത്തി ജിഎസ്ടി വകുപ്പ്. സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കാസർകോഡ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. തൃശൂർ ആസ്ഥാനമായ 'ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം 703 കോടി രൂപയുടെ വരുമാനം കുറച്ചു കാണിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. മൾട്ടി ലെവൽ മാർക്കറ്റിങ് മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. 15 ശതമാനം പിഴ ഉൾപ്പെടെ 126.54 കോടി രൂപയാണ് സ്ഥാപനം പിഴയായി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. സംസ്ഥാന ജിഎസ്ടി വിഭാഗം പിടികൂടിയ നികുതി വെട്ടിപ്പുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.
സ്ഥാപന ഡയറക്ടർ കൊലാട്ട് ദാസൻ പ്രതാപന്റെ അറസ്റ്റ് ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയിരുന്നു. നവംബർ 24നാണ് തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ സ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത്. പിന്നാലെ നവംബർ 24ന് തന്നെ 1.5 കോടി രൂപ സ്ഥാപനം ജിഎസ്ടി വകുപ്പിലേക്ക് അടച്ചു. 27 ന് വീണ്ടും 50 കോടി രൂപ അടച്ചു. 15 ശതമാനം പിഴകൂടി ചുമത്തിയതോടെ 75 കോടി രൂപ കൂടി പിഴയായി സർക്കാരിലേക്ക് അടയ്‌ക്കേണ്ടിവരും.
നവംബർ 30 ന് ജിഎസ്ടി വകുപ്പ് ഡയറക്ടർമാർക്ക് സമൻസ് പുറപ്പെടുവിക്കുകയും അടുത്ത ദിവസം തന്നെ ഡയറക്ടർമാരിൽ ഒരാളായ പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംസ്ഥാത്തെ ഏറ്റവും വലിയ നികുതിവെട്ടിപ്പ് കേസ് പിടിച്ചിട്ടും ജിഎസ്ടി വിഭാഗം ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത് 5 ദിവസം പിന്നിട്ടിട്ടും ജിഎസ്ടി വകുപ്പ് യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. അറസ്റ്റ് ചെയ്തു എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറായിട്ടില്ല. രണ്ട് കോടി രൂപയുടെ വരെ നികുതി വെട്ടിപ്പുകളിൽ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കുകയും, സോഷ്യൽ മീഡിയ പേജുകളിൽ ഉദ്യോഗസ്ഥരെ അഭിനയിച്ച് GST വകുപ്പ് പോസ്റ്റ് ഇടുകയും ചെയ്യുന്ന പതിവുണ്ടെന്നിരിക്കെയാണ് ഏറ്റവും വലിയ തട്ടിപ്പ് പിടികൂടിയിട്ടും ഉദ്യോഗസ്ഥർ മൗനം തുടരുന്നത്.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, മറ്റ് ഡയറക്ടർമാരെ രക്ഷപെടുത്താൻ ശ്രമമുണ്ടെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നതിനാലാണ് വിവരം പുറത്ത് വിടാത്തത് എന്നാണ് ധനവകുപ്പിന്റെ വിശദീകരണം.