മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ സിപിഐ ദേശീയ കൗൺസിലിലേക്ക്; സുനിൽ കുമാറിനെ വെട്ടി സംസ്ഥാന നേതൃത്വം
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി പി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ എത്തുന്നത്. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ കൗണ്‍സില്‍ അംഗമാണ്. ഇതോടെ, കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ എണ്ണം 11ല്‍ നിന്നും 13 ആയി ഉയര്‍ന്നു. അതേസമയം, കൗണ്‍സിലില്‍ ഇടംതേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു. സംസ്ഥാന നേതൃത്വമാണ് സുനില്‍കുമാറിനെ വെട്ടിയത്.
ഇസ്മയില്‍ പക്ഷക്കാരനായ സുനില്‍കുമാറിന്റെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം തടയുകയായിരുന്നു.
75 വയസ് പ്രായപരിധി നടപ്പാക്കിയപ്പോള്‍ കെ ഇ ഇസ്മയില്‍ കൗണ്‍സിലില്‍നിന്ന് പുറത്തായി. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരും ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്റെ പ്രായത്തെ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതുമുഖങ്ങള്‍ വരട്ടെയെന്ന തീരുമാനത്തിലാണ് കൗണ്‍സിലില്‍ നിന്നും കണ്‍ട്രോള്‍ കമ്മീഷനില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞത്. ഇതേത്തുടര്‍ന്നാണ് സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകുന്നത്.
രണ്ട് തവണ എംഎല്‍എയും ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രിയുമായിരുന്ന സുനില്‍കുമാര്‍ കൗണ്‍സിലില്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇസ്മയില്‍ പക്ഷക്കാരനായ സുനില്‍കുമാറിന്റെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം തടയുകയായിരുന്നു. അതേസമയം, കാനം വിരുദ്ധപക്ഷത്തുനിന്ന് ചിറ്റയം ഗോപകുമാര്‍ ഇടം നേടുകയും ചെയ്തു.
പൊതുചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഡി രാജ തന്നെ ജനറല്‍ സെക്രട്ടറിയായി തുടരാനാണ് സാധ്യത
വിജയവാഡയില്‍ ഇന്ന് സമാപിക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. പൊതുചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഡി രാജ തന്നെ തുടരാനാണ് സാധ്യത. രാജയ്ക്കെതിരെ ദേശീയ കൗണ്‍സിലില്‍ വിയോജിപ്പുണ്ടായാല്‍ അതുല്‍ കുമാര്‍ അന്‍ജാനോ അമര്‍ജിത് കൗറോ നേതൃസ്ഥാനത്തേക്ക് എത്തിയേക്കാം. 2018ല്‍ കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായ സുധാകര്‍ റെഡ്ഡി അനാരോഗ്യത്തെ തുടര്‍ന്ന് 2019ല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജ നേതൃസ്ഥാനത്തെത്തുന്നത്.