പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അധികവും അനര്‍ഹര്‍

കാര്‍ഡ് ഉടമകളുടെ വീടും സ്വത്തും പരിശോധിച്ച ശേഷമാണ് ഓരോ താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തുന്നത്
Updated on
1 min read

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ ഓപ്പറേഷന്‍ യെല്ലോയ്ക്ക് കീഴില്‍ നിരവധി റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ യെല്ലോയ്ക്ക് കീഴില്‍ 4572 റേഷന്‍ കാര്‍ഡുകളാണ് ഇതിനോടകം പിടിച്ചെടുത്തത്.

അരിയും ഗോതമ്പും മറ്റ് വസ്തുക്കളും അനധികൃതമായി കൈപ്പറ്റിയതിന് 76.98 ലക്ഷം രൂപയാണ് ഇതുവരെ പിഴയായി ചുമത്തിയത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ വീടും ആസ്തിയും പരിശോധിച്ച ശേഷമാണ് ഓരോ താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള പ്രത്യേക സംഘവും റെയ്ഡ് നടത്തുന്നതെന്ന് റേഷനിംഗ് കണ്‍ട്രോളര്‍ കെ മനോജ് കുമാര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത് തൃശൂര്‍ ജില്ലയില്‍

നിലവില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത് തൃശൂര്‍ ജില്ലയിലാണ്. 664 റേഷന്‍ കാര്‍ഡുകളാണ് ഇതിനോടകം തൃശൂരില്‍ റദ്ദാക്കിയത്. 33 റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പരിശോധനകള്‍ നടന്നത്. റെയ്ഡിനിടെ വീടുകളില്‍ നിന്ന് കാര്‍ഡുകള്‍ പിടിച്ചെടുത്തതായും ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസര്‍ ഫൈസര്‍ ടി ഗാനാദേവി പറഞ്ഞു.

ഗവണ്‍മെന്റ് ജീവനക്കാരടക്കമുള്ള ആളുകള്‍ മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 1000 ചതുരശ്ര അടിയില്‍ അധികമുള്ള വീടോ ഒന്നിലധികം നാല് ചക്ര വാഹനങ്ങളോ ഉള്ള വ്യക്തികള്‍ക്ക് മുന്‍ഗണനാ കാര്‍ഡിനും സബ്‌സിഡിക്കും അര്‍ഹതയില്ല. വീടുകളുടെ രജിസ്‌ട്രേഷന്‍ തീയതിയും മറ്റ് വിവരങ്ങളും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നും ശേഖരിച്ചാണ് പിഴ ചുമത്തുക.

അനധികൃതമായി ഒരു കിലോ അരി സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ 240 രൂപ പിഴയായി അടക്കേണ്ടി വരും. പിഴയീടാക്കിയതിനു ശേഷം ഗുണഭോക്താവിന് റേഷന്‍ കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റികൊടുക്കുന്നതായിരിക്കും. എല്ലാ ഗുണഭോക്താക്കള്‍ക്കും അവരുടെ അനധികൃത കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ ഞങ്ങള്‍ സമയം നല്‍കിയിരുന്നു, സമയപരിധിക്ക് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. 15,000 അന്ത്യോദയ അന്ന യോജന കാര്‍ഡ് ഉടമകളും 88,916 മുന്‍ഗണനാ ഭവന (പിഎച്ച്എച്ച്) ഉടമകളും അവരുടെ അനധികൃത കാര്‍ഡുകള്‍ സ്വമേധയാ റെന്‍ഡര്‍ ചെയ്യുകയും മുന്‍ഗണനേതര കാര്‍ഡുകളാക്കി മാറ്റുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in