നാളെയാണ് നാളെയാണ്... തിരുവോണം ബമ്പര്‍ ഇതുവരെ വിറ്റത് 67 ലക്ഷം ടിക്കറ്റുകൾ
ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ ടിക്കറ്റ് വില്പനയില്‍ വന്‍ വർധനവ്. 67 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ വിറ്റത്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 13 ലക്ഷം ടിക്കറ്റുകളാണ് അധിക വില്പന.
മുൻ വർഷത്തിലെ പോലെ ഇത്തവണയും ടിക്കറ്റ് വില്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. ജില്ലയിൽ 9.85 ലക്ഷം ടിക്കറ്റുകൾ വിറ്റതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ഇത് 7,65,000 ടിക്കറ്റുകളായിരുന്നു. ഈ വർഷത്തെ വില്പനയിലൂടെ ഏകദേശം 40 കോടിയുടെ വരുമാനമാണ് പാലക്കാട് നിന്ന് ലഭിച്ചത്. 8.5 ലക്ഷം ടിക്കറ്റ് വിറ്റ തൃശൂരാണ് രണ്ടാം സ്ഥാനത്.
ജൂലൈ 18നാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പന ആരംഭിച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 300 രൂപയായിരുന്ന ടിക്കറ്റിന്റെ വില ഈ വർഷം 500 ആക്കി ഉയർത്തിയിരുന്നു.
25 കോടി രൂപയാണ് ഇത്തവണത്തെ വിജയിക്ക് ലഭിക്കുക. രാജ്യത്ത് ഒരു ടിക്കറ്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. രണ്ടാം സ്ഥാനത്തിന് 5 കോടിയും മൂന്നാം സ്ഥാനം നേടുന്ന 10 ടിക്കറ്റുകൾക്ക് ഓരോ കോടി വീതവുമാണ് സമ്മാനം. 126 കോടിയാണ് സമ്മാനത്തുകയായി ആകെ വിതരണം ചെയ്യുന്നത്.
25 കോടി വിജയിക്കുന്ന ആൾക്ക് ആദായ നികുതിയും കമ്മീഷനും കിഴിച്ച് 15.75 കോടി രൂപ ലഭിക്കുമ്പോൾ ഒന്നാം സ്ഥാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ആൾക്ക് കമ്മീഷന്‍ ഇനത്തിൽ 2.50 കോടി ലഭിക്കും. ഒരു ടിക്കറ്റിൽ 96 രൂപയാണ് വിൽക്കുന്ന ആൾക്ക് കമ്മീഷനായി ലഭിക്കുക.