KERALA
'പഠിച്ച് ഡോക്ടറാകണം, അടച്ചുറപ്പുള്ളൊരു വീട് വേണം'
നേപ്പാൾ സ്വദേശിയായ സുനിത മലയാളമടക്കമുള്ള എല്ലാ വിഷയങ്ങളിലും മിന്നുന്ന വിജയമാണ് നേടിയത്.
മറ്റൊരു രാജ്യത്ത് നിന്നെത്തി എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയൊരു മിടുക്കിയുണ്ട് കോഴിക്കോട് മുക്കത്ത്. നേപ്പാൾ സ്വദേശിയായ സുനിത മലയാളമടക്കമുള്ള എല്ലാ വിഷയങ്ങളിലും മിന്നുന്ന വിജയമാണ് നേടിയത്. മുക്കം ആനയാംകുന്ന് വിഎംഎച്ച്എച്ച്എസ്എസിന്റെ അഭിമാനതാരമാണ് ഇപ്പോൾ സുനിത.
നേപ്പാളിൽ നിന്ന് ജോലി തേടി കേരളത്തിൽ എത്തിയതാണ് സുനിതയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും നേപ്പാളുകാരാണെങ്കിലും പാലക്കാടാണ് സുനിതയുടെ ജന്മസ്ഥലം. മകള്‍ രണ്ടാം ക്ലാസിലെത്തിയപ്പോഴേക്കും മാതാപിതാക്കൾ കോഴിക്കോട് മുക്കത്തെ ക്വാറിയിൽ ജോലി തുടങ്ങി.
ഈ എ പ്ലസിൽ തീരുന്നില്ല സുനിതയുടെ സ്വപ്‌നങ്ങൾ. സയൻസ് പഠിച്ച് ഡോക്ടറാകണം. അടച്ചുറപ്പുള്ളൊരു വീട് വേണം. വീണു പോയ അച്ഛനെ ചികിത്സിക്കണം. എല്ലാം ശരിയാവുമെന്ന് ഉറച്ചുവിശ്വസിക്കാൻ ചുറ്റും നിറയുന്ന ഈ സന്തോഷം തന്നെ സുനിതക്ക് ധാരാളം.