തെരുവുനായ ആക്രമണം; ഇന്ന് കടിയേറ്റത് നാല് കുട്ടികളടക്കം ആറ് പേർക്ക്

തെരുവുനായ ആക്രമണം; ഇന്ന് കടിയേറ്റത് നാല് കുട്ടികളടക്കം ആറ് പേർക്ക്

ആക്രമണത്തിനിരയായവരില്‍ മൂന്ന് വയസുകാരനും
Updated on
1 min read

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. നാല് കുട്ടികളടക്കം ആറ് പേർക്കാണ് ഇന്ന് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് പേരെ നായ ആക്രമിച്ചു. നൂറാസ് (12), വൈഗ(12), സാജുദ്ദീന്‍(44) എന്നിവർക്കാണ് കടിയേറ്റത്. ഉച്ചകഴിഞ്ഞ് 3 .30 യോടെയാണ് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്ന കുട്ടികളെ നായ ആക്രമിക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സാജുദ്ദീന് പരിക്കേറ്റത്. കുട്ടികളുടെ കാലിന്‍റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരനും തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റു. മലയങ്ങാട് സ്വദേശി ജയന്‍റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്. സഹോദരനോടൊപ്പം കടയില്‍ പോയി മടങ്ങിവരുന്ന വഴിയായിരുന്നു ആക്രമണം. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അട്ടപ്പാടിയില്‍ മൂന്ന് വയസുകാരനും നായയുടെ കടിയേറ്റു. സ്വര്‍ണപ്പെരുവൂരിലെ ആകാശിന് മുഖത്താണ് പരിക്കേറ്റത്.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെയും തെരുവുനായ ആക്രമിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡ് മെമ്പര്‍ ആര്‍ ശ്രീജിത്തിനാണ് നായയുടെ കടിയേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായതോടെ നാളെ ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരാനുള്ള തീരുമാനം. ജനങ്ങളുടെ തികഞ്ഞ പങ്കാളിത്തത്തോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സന്നദ്ധ സംഘടനകളേയും ഉള്‍പെടുത്തി പുതിയ കര്‍മ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ എബിസി സെന്ററുകള്‍ തുറക്കാനും വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in