തെരുവുനായ ആക്രമണം: അപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്ക്, അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ
സംസ്ഥാനത്ത് അറുതിയില്ലാതെ തെരുവുനായ ആക്രമണം. വിവിധ ഇടങ്ങളിലായി നായ കുറുകെ ചാടിയും മറ്റുമുണ്ടായ അപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ഒരാള്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ കഴിഞ്ഞ ദിവസം ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുട്ടിയുടെ മുഖത്തിനടക്കം പരിക്കുകള്‍ പറ്റിയിരുന്നു. അതിനിടെ, കോട്ടയം ജില്ലയിലെ വൈക്കത്ത് തെരുവുനായകളെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അഞ്ചലില്‍ സ്കൂട്ടറിനു കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വീട്ടമ്മയുടെ കാല്‍ ഒടിഞ്ഞു
കോഴിക്കോട് കുറ്റ്യാടിയിലും കണ്ണിപ്പറമ്പിലുമുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. കുറ്റ്യാടി വലിയ പാലത്തിന് സമീപം നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പേരെത്ത് മല്ലിക (45), മകന്‍ രജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ മല്ലികയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിപ്പറമ്പില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കാലിന് കടിയേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം അഞ്ചലില്‍ തെരുവുനായ പിന്നാലെ പാഞ്ഞടുത്തതോടെ നിയന്ത്രണംവിട്ട് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അഗസ്ത്യക്കോടുണ്ടായ അപകടത്തില്‍ അനില്‍കുമാര്‍, സുജിത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അഞ്ചലില്‍ തന്നെ സ്കൂട്ടറിനു കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്കും ഗുരുതര പരുക്കേറ്റു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ ഇടതുകാല്‍ പൂര്‍ണമായും ഒടിഞ്ഞ കവിതയെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കോട്ടയം വൈക്കത്ത് സ്‌കൂട്ടറിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരുക്കേറ്റു. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരുക്കേറ്റത്.
ആലപ്പുഴ കായംകുളം രണ്ടാംകുറ്റിയില്‍ തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടി അപകടമുണ്ടായി. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരുക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായ ശല്യം രൂക്ഷമായ കടുത്തുരുത്തിയിലും, പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം നായകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
അതിനിടെ, വെെക്കത്ത് തെരുവുനായകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ ശല്യം രൂക്ഷമായ കടുത്തുരുത്തിയിലും, പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം നായകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധിപേര്‍ക്ക് നായകളുടെ കടിയേറ്റിരുന്നു. വളര്‍ത്തുമൃഗങ്ങളെയും, കുട്ടികളെയും നായ്ക്കള്‍ ആക്രമിക്കുന്നതും പതിവായിരുന്നു. ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. അതിനു പിന്നാലെയാണ് നായകളെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ, അക്രമകാരികളായ നായകളെ ആളുകള്‍ വിഷം വച്ച് കൊന്നതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മൃഗസ്നേഹികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.