തെരുവ് നായകള്‍
തെരുവ് നായകള്‍

ജനങ്ങള്‍ നായകളെ കൊല്ലുന്നത് തടയണം; പൗരന്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

മൃഗങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യന്‍റെ ജീവന്‍ വിലപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി
Updated on
1 min read

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് നായകള്‍ കൂട്ടമായി ചത്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. നായകളെ ജനങ്ങള്‍ കൊല്ലുന്നത് തടയണം. ഇക്കാര്യം നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കണം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

മനുഷ്യാവകാശങ്ങള്‍ക്കൊപ്പം മൃഗസംരക്ഷണം കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് നിര്‍ദേശിച്ചാണ് കോടതി അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചത്. തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്ന സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കരുതെന്ന് പൗരന്‍മാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കണം. തെരുവുനായ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെരുവുനായ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി

കേരളത്തില്‍ തെരുവ് നായ ആക്രമണങ്ങള്‍ വര്‍ധിക്കുകയും പിന്നാലെ വിവിധ ഇടങ്ങളില്‍ തെരുവുനായകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയം ചൂണ്ടിക്കാട്ടി നിരവധി മൃഗസ്‌നേഹികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ കോടതിയുടെ ഇടപ്പെടല്‍.

അതിനിടെ, കണ്ണൂരില്‍ പേവിഷബാധയേറ്റ പശുവിനെ ദയാവധത്തിന് വിധേയമാക്കി. കൂത്തുപറമ്പില്‍ ചിറ്റാരിപ്പറമ്പില്‍ അരവിന്ദാക്ഷന്‍റെ പശുവിനെയാണ് ദയാവധം നടത്തിയത്. രണ്ടാഴ്ച മുന്‍പ് നായയുടെ കടിയേറ്റ് പശുവിന്‍റെ കാലിന് മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് പശുവിനെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ മുതല്‍ പശു അസ്വാസ്ഥ്യം പ്രകടിപ്പികയും അക്രമാസക്തമാകുകയുമായിരുന്നു. പിന്നാലെയാണ് പശുവിന് ദയാവധം അനുവദിച്ചത്.

തെരുവുനായ അക്രമണങ്ങള്‍ തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ശക്തമാക്കിത്തുടങ്ങി.

തെരുവുനായ അക്രമണങ്ങള്‍ തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ശക്തമാക്കിത്തുടങ്ങി. തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ നേതൃത്വത്തിലായിരുന്നു യോഗം. അക്രമാസക്തരായ നായകളെ കൊല്ലാന്‍ അനുമതി തേടണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇതിനോടകം തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വളര്‍ത്തുനായകള്‍ക്ക് ഒക്ടോബര്‍ 30 നകം ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിലെ വളര്‍ത്തുനായകള്‍ക്ക് ഒക്ടോബര്‍ 30 നകം ലൈസന്‍സ് എടുക്കണം എന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനൊപ്പം ലൈസന്‍സും നല്‍കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവില്‍ എറിയുന്നില്ലെന്ന് ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in